തിരുവനന്തപുരം: സംവിധായകന്‍ വിനയന് ഇഷ്ടമില്ലാത്തവരെ അദ്ദേഹം ടാര്‍ഗറ്റ് ചെയ്യുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പത്രത്തില്‍ പേരുവരാന്‍ ചെയ്യുന്നതാണ്. മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉള്ളതായി തനിക്ക് അറിവില്ലെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. ഒരു നടനേയും ഒതുക്കിയതായിട്ട് തനിക്ക് അറിവില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗണേഷ് കുമാര്‍.

'സിനിമയില്‍ ആളുകളെ കാസ്റ്റ് ചെയ്യുന്നത് ആ സമയത്തെ ഒരു ആലോചനയുടെ ഭാഗമാണ്. നമ്മുടെ പേരൊക്കെ ചിലര്‍ നിര്‍ദേശിക്കും. എന്നാല്‍, വേറെ ചിലര്‍ മറ്റൊരു അഭിപ്രായം പറയും. ഇതോടെ നമ്മുടെ പേര് വെട്ടും. കഥ പറയുന്നിടത്തെ കാഴ്ചക്കാരാണ് ഇത് ചെയ്യുന്നത്. സിനിമയുടെ ചരിത്രത്തിന്റെ കൂടെയുള്ളതാണ് ഇതൊക്കെ.

ഒരു നടനേയും സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മ ഒതുക്കിയതായിട്ട് എനിക്കറിയില്ല. ഞാനാണ് അന്നും ഇന്നും ആത്മയുടെ പ്രസിഡന്റ്. ടെലിവിഷനില്‍ അഭിനയിക്കുന്നവരെ വിലക്കാനാകില്ല. ചാനലുകളാണ് ഇക്കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത്. സീരിയലുകളില്‍ ആളുകളെ കാസ്റ്റ് ചെയ്യുന്നത് ചാനലിലെ ഉദ്യോഗസ്ഥന്മാരാണ്. സംവിധായകനെ പോലും തീരുമാനിക്കുന്നത് അവരാണ്. വിനയന് ഇഷ്ടമില്ലാത്തവരെ അദ്ദേഹം ടാര്‍ഗറ്റ് ചെയ്യും. പത്രത്തില്‍ പേരുവരാന്‍ ചെയ്യുന്നതാണ്', ഗണേഷ് പറഞ്ഞു.

മലയാള സിനിമയെ മാഫിയ സംഘം എന്ന് വിളിച്ച നടനെ ഒതുക്കിയ ഒരു പ്രശസ്ത നടനെക്കുറിച്ച് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. സിനിമയില്‍നിന്ന് തഴയപ്പെട്ട അദ്ദേഹം സീരിയലിലേക്ക് പോയപ്പോള്‍ അവിടെയും പിടിച്ചു നില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥ വന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

15 പേരടങ്ങുന്ന ഒരു പവര്‍ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാണ് മലയാള സിനിമയെന്ന കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കൂട്ടരാണ് റിപ്പോര്‍ട്ട് ഇത്രയും നാള്‍ പുറത്തുവിടാത്തതിന്റെ കാരണമെന്ന് ആരോപിച്ച് സംവിധായകന്‍ വിനയന്‍ രംഗത്തെത്തിയത്. മന്ത്രി ഗണേഷ് കുമാറിനെതിരേയും അദ്ദേഹം പരോക്ഷമായി ആരോപണം ഉന്നയിച്ചു.