തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കാതിരിക്കാനുള്ള ഗൂഢാലോചനയാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പുതിയ വിവാദങ്ങളുടെ മറവില്‍ യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്നും ഒളിച്ചോടാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അന്തസത്തയെ പൂര്‍ണ്ണമായും തള്ളിക്കളയുന്നതാണ് സര്‍ക്കാറിന്റെ നിലപാടെന്നും കോന്നിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

കമ്മീഷന്‍ പരാമര്‍ശിച്ചിട്ടുള്ള ഗുരുതരമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ആര്‍ജ്ജവം സര്‍ക്കാറിനില്ല. ഇപ്പോള്‍ ഉയര്‍ന്നുവരുന്ന മറ്റു വിവാദങ്ങള്‍ സര്‍ക്കാര്‍ ഒളിച്ചോടാനുള്ള അവസരമാക്കി മാറ്റുകയാണ്. സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഉപാധി മാത്രമാണ്.

സര്‍ക്കാറിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ആദ്യം നടപടിയെടുക്കേണ്ടത് കൊല്ലം എംഎല്‍എ മുകേഷിനെതിരെയാണ്. ഗുരുതരമായ ആരോപണങ്ങളാണ് മുകേഷിനെതിരെ ഉയര്‍ന്നുവന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുന്നതിലൂടെയാണ് സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത്. മുകേഷിനെതിരെ കേസ് എടുക്കണം അദ്ദേഹത്തെ ചോദ്യം ചെയ്യണം. അറസ്റ്റ് ചെയ്യുകയും വേണം.

സിപിഐ നേതാക്കന്മാര്‍ പോലും മുകേഷ് രാജിവെക്കണമെന്ന് പരസ്യമായി ആവശ്യപ്പെടുകയാണ്. എന്നിട്ടും സിപിഎമ്മും സര്‍ക്കാറുമാണ് മുകേഷിന് സംരക്ഷണ കവചം ഒരുക്കുന്നത്. മുകേഷിനെ വെച്ചുകൊണ്ട് എങ്ങനെയാണ് ഒരു ചലച്ചിത്ര കോണ്‍ക്ലേവ് നടത്തുക എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഷാജി എന്‍ കരുണിനെ പറ്റിയും ആരോപണം ഉയര്‍ന്നിരിക്കുകയാണ്. അടിയന്തരമായി കോണ്‍ക്ലേവ് നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. വേട്ടക്കാര്‍ എല്ലാം കൂടി ചേര്‍ന്ന് എന്ത് കോണ്‍ക്ലേ വാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ ചോദിച്ചു.