തിരുവനന്തപുരം: കേരളം ഇന്നേവരെ കേട്ടിട്ടില്ലാത്തത്ര ഗുരുതരമായ ആരോപണമാണ് ഭരണകക്ഷി എംഎല്‍എ പിവി അന്‍വര്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉന്നയിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പിണറായി വിജയന്‍ സര്‍ക്കാര്‍ രാജിവെക്കുകയാണ് വേണ്ടത്. സര്‍ക്കാറിന് അധികാരത്തില്‍ തുടരാനുള്ള അവകാശമില്ലെന്നും തൃശ്ശൂരില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയോ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയോ ഇതിനെക്കുറിച്ച് ഒരക്ഷരവും ശബ്ദിക്കുന്നില്ല. കേരളത്തില്‍ നിയമവാഴ്ച പൂര്‍ണമായും തകര്‍ന്നു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് കള്ളക്കടത്ത്- കൊലയാളി- മയക്കുമരുന്ന് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് എംഎല്‍എ പറഞ്ഞത്. സ്വര്‍ണ്ണക്കള്ളക്കടത്തിനും കൊട്ടേഷന്‍ സംഘത്തിനും ക്രമസമാധാനം ചുമതലയുള്ള എ ഡിജിപി നേതൃത്വം നല്‍കുന്നു എന്നത് ഞെട്ടിക്കുന്നതാണ്.

എഡിജിപിയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും ചേര്‍ന്ന് മാഫിയ പ്രവര്‍ത്തനങ്ങളും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളും നടത്തുന്നുവെന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. ആരോപണങ്ങളെല്ലാം ശരിവെക്കുന്നതുകൊണ്ടാണ് മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നത്. ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ എന്തുകൊണ്ടാണ് പിവി അന്‍വര്‍ എംഎല്‍എക്കെതിരെ നടപടി എടുക്കാത്തത്? എംഎല്‍എ വ്യാജപ്രചരണം ആണ് നടത്തുന്നത് എങ്കില്‍ പോലീസ് അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാത്തത് എന്താണ്? മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഫോണ്‍ കോളുകള്‍ എഡിജിപി ചോര്‍ത്തിയതിലൂടെ രാജ്യത്തെ നിയമങ്ങളാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആയതിനാല്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അന്വേഷണം കൈമാറണം. ഇത്രയും ഗുരുതരമായ ആരോപണ ഉയര്‍ന്നിട്ടും എന്തുകൊണ്ടാണ് അന്വേഷണത്തിന് ഉത്തരവിടാന്‍ മുഖ്യമന്ത്രി തയ്യാറാവാത്തതെന്നും കെ.സുരേന്ദ്രന്‍ ചോദിച്ചു.