- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗഹൃദം ഉല്‍സവമാക്കിയ കുട്ടി! സംശുദ്ധ രാഷ്ട്രീയത്തിന്റെ ഒരു തിരികൂടി അണഞ്ഞു; വിട പറഞ്ഞ കുട്ടി അഹമ്മദ് കുട്ടിയെ അനുസ്മരിച്ചു കെ ടി ജലീല്‍
മലപ്പുറം: മുന്‍ മന്ത്രിയും മുസ്ലിംലീഗ നേതാവുമായി കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചത് ഇന്ന് പുലര്‍ച്ചെയാണ്. രാഷ്ട്രീയത്തിന് അതീതമായി സൗഹൃദങ്ങളും പൊതുജന സ്വീകാര്യതയും ഉണ്ടായിരുന്ന നേതാവായിരുന്നു അദ്ദേഹം. കുട്ടി അഹമ്മദ് കുട്ടിയുടെ വിയോഗം കേരള രാഷ്ട്രീയത്തി തീരാനഷ്ടമാണ്. രാഷ്ട്രീയമായി എതിരാളികളായിരുന്നവര്‍ പോലും അദ്ദേഹത്തെ പുകഴ്ത്തി കൊണ്ട് രംഗത്തുവന്നു. സംശുദ്ധ രാഷ്ട്രീയത്തിന്റെ ഒരു തിരികൂടി അണഞ്ഞുവെന്നാണ് കെ ടി ജലീല്‍ എംഎല്‍എ കുട്ടി അഹമ്മദ് കുട്ടിയെ അനുസ്മരിച്ചു കൊണ്ട് പറഞ്ഞത്. അഴിമതിയുടെ കറ പുരളാതെ നേതാവായിരുന്നു അദ്ദേഹമെന്നും കെ ടി […]
മലപ്പുറം: മുന്‍ മന്ത്രിയും മുസ്ലിംലീഗ നേതാവുമായി കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചത് ഇന്ന് പുലര്‍ച്ചെയാണ്. രാഷ്ട്രീയത്തിന് അതീതമായി സൗഹൃദങ്ങളും പൊതുജന സ്വീകാര്യതയും ഉണ്ടായിരുന്ന നേതാവായിരുന്നു അദ്ദേഹം. കുട്ടി അഹമ്മദ് കുട്ടിയുടെ വിയോഗം കേരള രാഷ്ട്രീയത്തി തീരാനഷ്ടമാണ്. രാഷ്ട്രീയമായി എതിരാളികളായിരുന്നവര്‍ പോലും അദ്ദേഹത്തെ പുകഴ്ത്തി കൊണ്ട് രംഗത്തുവന്നു.
സംശുദ്ധ രാഷ്ട്രീയത്തിന്റെ ഒരു തിരികൂടി അണഞ്ഞുവെന്നാണ് കെ ടി ജലീല്‍ എംഎല്‍എ കുട്ടി അഹമ്മദ് കുട്ടിയെ അനുസ്മരിച്ചു കൊണ്ട് പറഞ്ഞത്. അഴിമതിയുടെ കറ പുരളാതെ നേതാവായിരുന്നു അദ്ദേഹമെന്നും കെ ടി ജലീല്‍ ഫേ്‌സ്ബുക്കില്‍ കുറിച്ച അനുസ്മരണ കുറിപ്പില്‍ പറഞ്ഞു. അധികാര പദവികള്‍ വിട്ടൊഴിഞ്ഞപ്പോള്‍ സാമ്പത്തിക നഷ്ടത്തിന്റെ കണക്ക് രേഖപ്പെടുത്തപ്പെട്ട പൂര്‍വ്വകാല രാഷ്ട്രീയ നേതാക്കളില്‍ ഒരാള്‍. വായന ശീലമാക്കിയ മലപ്പുറംകാരന്‍. അറിവ് തേടിക്കൊണ്ടേയിരുന്ന ഭരണകര്‍ത്താവാണെന്നു കെ ടി ജലീല്‍ കുറിക്കുന്നു.
കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
സൗഹൃദം ഉല്‍സവമാക്കിയ കുട്ടി!
സംശുദ്ധ രാഷ്ട്രീയത്തിന്റെ ഒരു തിരികൂടി അണഞ്ഞു. ഒരുപാട് സമ്പത്തിന്റെ ഉടമയായി സമ്പന്ന കുടുംബത്തില്‍ ജനിച്ച വ്യക്തി. അതില്‍ നല്ലൊരുഭാഗം പൊതുപ്രവര്‍ത്തന വീഥിയില്‍ ചെലവിട്ട് അഴിമതിയുടെ കറ പുരളാതെ കുട്ടി അഹമ്മദ് കുട്ടി വിടചൊല്ലി. അധികാര പദവികള്‍ വിട്ടൊഴിഞ്ഞപ്പോള്‍ സാമ്പത്തിക നഷ്ടത്തിന്റെ കണക്ക് രേഖപ്പെടുത്തപ്പെട്ട പൂര്‍വ്വകാല രാഷ്ട്രീയ നേതാക്കളില്‍ ഒരാള്‍. വായന ശീലമാക്കിയ മലപ്പുറംകാരന്‍. അറിവ് തേടിക്കൊണ്ടേയിരുന്ന ഭരണകര്‍ത്താവ്. അക്ഷരങ്ങളെ പ്രണയിച്ച സംവാദപ്രിയന്‍. ഒരിക്കലും കോപിക്കാത്ത പ്രകൃതക്കാരന്‍. സഹപ്രവര്‍ത്തകരോട് ആത്മാര്‍ത്ഥമായ സ്‌നേഹം കാത്തുസൂക്ഷിച്ചയാള്‍.
വിമര്‍ശനം നര്‍മ്മം തുളുമ്പുന്ന ഭാഷയില്‍ പുഞ്ചിരിയോടെ അവതരിപ്പിച്ച നിപുണന്‍. ആരോടും ഇഷ്ടക്കുറവ് പ്രകടിപ്പിക്കാത്ത മനുഷ്യസ്‌നേഹി. ജാഡകള്‍ ഒട്ടുമേയില്ലാത്ത പച്ചമനുഷ്യന്‍. ജന്തുശാസ്ത്രത്തിലാണ് ബിരുദമെങ്കിലും ചരിത്രത്തില്‍ അഗാധ പാണ്ഡിത്യം സ്വയത്തമാക്കിയ രാഷ്ട്രീയക്കാരന്‍. തന്നെ സമീപിക്കുന്നവരില്‍ ഒരിക്കലും മുഷിപ്പുളവാക്കാത്ത ജനപ്രതിനിധി. ദേശവാസികളോട് അടങ്ങാത്ത അഭിനിവേശം ഉള്ളിലൊതുക്കിയ മാന്യന്‍. വശ്യമായ സംഭാഷണത്തിലൂടെ രാഷ്ട്രീയ എതിരാളികളെ ചേര്‍ത്തുപിടിച്ച നയതന്ത്രജ്ഞന്‍. ശാസ്ത്രവും ചരിത്രവും നോവലുകളും കഥകളും കവിതകളും യഥേഷ്ടം ഓര്‍മ്മയുടെ അറയില്‍ ചിതലരിക്കാതെ ഒളിപ്പിച്ചുവെച്ച ജ്ഞാനി. കുട്ടി അഹമ്മദ് കുട്ടിയെ അടുത്തറിയുന്ന സുഹൃത്തുക്കള്‍ പാടിനടക്കുന്ന ഗുണഗണങ്ങള്‍ ഇനിയും ഒരുപാടുണ്ട്.
തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ പഠിക്കുന്ന കാലത്ത് തുടങ്ങിയ ഞങ്ങളുടെ സൗഹൃദം അവസാനം വരെ തുടര്‍ന്നു. തദ്ദേശവകുപ്പിനെ ആശയതലത്തില്‍ ശാക്തീകരിക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്. മലപ്പുറത്തിന്റെ പരാധീനതകളും പരിഭവങ്ങളും മറയില്ലാതെ പാര്‍ട്ടി വേദികളിലും പൊതുവേദികളിലും കുട്ട്യാമുട്ട്യാക്ക തുറന്നു പറഞ്ഞു. പദവികള്‍ കിട്ടാന്‍ ആരുടെയും കാല് പിടിക്കാന്‍ അദ്ദേഹം ഒരുമ്പെട്ടില്ല. വരാനുള്ളത് വഴിയില്‍ തങ്ങില്ലെന്നാണ് എപ്പോഴും അദ്ദേഹം പറഞ്ഞത്. ഒരിക്കല്‍ പരിചയപ്പെട്ടാല്‍ നമ്മുടെ ഓര്‍മ്മപ്പുസ്തകത്തില്‍ കുട്ടി അഹമ്മദ് കുട്ടി സ്ഥാനം പിടിച്ചിരിക്കും. പീന്നീട് നമ്മള്‍ ആഗ്രഹിച്ചാല്‍ പോലും അദ്ദേഹത്തിന്റെ മുഖം മനസ്സില്‍ നിന്ന് പിഴുതുമാറ്റാന്‍ ആവില്ല.
മലപ്പുറം ജില്ലാ കൗണ്‍സിലില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആയിരക്കെയാണ് കൂടുതല്‍ ഞങ്ങള്‍ അടുത്ത് ഇടപഴകിയത്. സി.എച്ചുമായും, ഇ അഹമ്മദ് സാഹിബുമായും കുട്ടി അഹമ്മദ് കുട്ടി ആത്മബന്ധം സ്ഥാപിച്ച ലീഗ് നേതാവ്. ശിഹാബ് തങ്ങളുടെ വാല്‍സല്യത്തിന് പാത്രമായ കടപ്പുറംകാരന്‍. ആ 'അഹങ്കാരം' അഭിമാനത്തോടെ അദ്ദേഹം അവസാന ശ്വാസംവരെ കൊണ്ടുനടന്നു. സീതിഹാജിയുടെ മരണത്തെ തുടര്‍ന്ന് താനൂരില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ നേടിയ മിന്നുംജയം കുട്ടി അഹമ്മദ് കുട്ടിയെ ആദ്യമായി നിയമസഭയില്‍ എത്തിച്ചു. തുടര്‍ന്ന് രണ്ടുതവണ തിരൂരങ്ങാടിയെ പ്രതിനിധീകരിച്ച് എം.എല്‍.എയായി. കേരളത്തിന്റെ തദ്ദേശസ്വയംഭരണ വകുപ്പിന്റെ മന്ത്രിയായി. ദീര്‍ഘകാലം താനൂര്‍ പഞ്ചായത്ത് പ്രസിഡണ്ടായും സേവനമനുഷ്ഠിച്ചു.
കുറച്ചുകാലമായി വിശ്രമജീവിതം നയിക്കുകയായിരുന്നു കുട്ടി അഹമ്മദ് കുട്ടി സാഹിബ്. കുറച്ചുനാള്‍മുമ്പ് ചികില്‍സക്കായി തിരുവനന്തപുരത്ത് വന്നപ്പോള്‍ ടി.വി ഇബ്രാഹിം എം.എല്‍.എയുടെ കൂടെ അദ്ദേഹത്തെ സന്ദര്‍ശിച്ചതോര്‍ക്കുന്നു. ഒരുപാട് നേരം ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞിരുന്നു. അന്നും അദ്ദേഹത്തിന്റെ മേശപ്പുറത്ത് സമകാലിക ഇംഗ്ലീഷ്, മലയാളം പ്രസിദ്ധീകരണങ്ങള്‍ നിറഞ്ഞു കിടന്നത് പ്രത്യേകം ശ്രദ്ധിച്ചു. എന്റെ പല അഭിപ്രായങ്ങളോടും യോജിച്ച അദ്ദേഹം, ചില നിരീക്ഷണങ്ങളോട് ദയാരഹിതമായിത്തന്നെ വിയോജിച്ചു.
ഒരു സെമിനാറില്‍ പങ്കെടുത്ത ധന്യതയോടെയാണ് ഇബ്രാഹീമും ഞാനും അവിടെനിന്ന് മടങ്ങിയത്. അതു കഴിഞ്ഞ് താനൂരില്‍ സി.പി.ഐ എമ്മിന്റെ ഒരു പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ വേണ്ടി ചെന്നപ്പോള്‍ കുട്ടി അഹമ്മദ് കുട്ടി സാഹിബിന്റെ വീട്ടിലെത്തി സുഖവിവരങ്ങള്‍ ആരാഞ്ഞു. അന്നദ്ദേഹം കൂടുതല്‍ ക്ഷീണിതനായാണ് കാണപ്പെട്ടത്. അവശത വേട്ടയാടുമ്പോഴും തോറ്റുകൊടുക്കാതെ കുട്ട്യാമുട്ട്യാക്ക വാതോരാതെ സംസാരിച്ചു. മഗ്രിബ് ബാങ്ക് കൊടുത്തപ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് നമസ്‌കരിച്ചാണ് പിരിഞ്ഞത്. അതുപക്ഷെ എന്നന്നേക്കുമുള്ള യാത്ര പറച്ചിലാകുമെന്ന് കരുതിയില്ല.
ഓരോ മനുഷ്യന്റെ ജീവിതത്തിനും ദൈവം ഒരു ധര്‍മ്മം നിശ്ചയിച്ചിട്ടുണ്ടാകും. ജന്മലക്ഷ്യം പൂര്‍ത്തീകരിച്ച് കാലയവനികക്കുള്ളില്‍ മറയുന്നവരും പാതിവഴിയില്‍ വെച്ച് അന്ത്യയാത്രയാകുന്നവരുമുണ്ട്. കുട്ടി അഹമ്മദ് കുട്ടി സാഹിബ് ഇതില്‍ ഒന്നാമത്തെ ഗണത്തിലാണ് വരിക. ആരെയും നോവിക്കാതെ, ആരോടും പിണങ്ങാതെ, ഒരു പുരുഷായുസ്സ് ജീവിച്ചു തീര്‍ത്ത കര്‍മ്മനിരതന്‍. നമ്മുടെയൊക്കെ ഹൃദയത്തില്‍ സ്‌നേഹവസന്തം ചൊരിഞ്ഞ് കടന്നുപോയ കുട്ടി അഹമ്മദ് കുട്ടി സാഹിബ് പുതുതലമുറക്കാര്‍ക്ക് ഉത്തമ മാതൃകയാണ്. അദ്ദേഹത്തിന്റെ പരലോക മോക്ഷത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം.




