കണ്ണപുരം: കണ്ണൂര്‍ കണ്ണപുരം കീഴറ വേന്തിയിലെ വീട്ടില്‍ അനധികൃത സ്‌ഫോടകവസ്തുശേഖരം പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ച കേസില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍. പടുവിലായി സ്വദേശി പി അനീഷ്(36), ഉരുവച്ചാല്‍ സ്വദേശി പി രഹീല്‍ (33) എന്നിവരെയാണ് കണ്ണപുരം പൊലീസ് അറസ്റ്റുചെയ്തത്. കേസിലെ ഒന്നാംപ്രതി അനൂപ് മാലിക്കിന്റെ ബിസിനസ് പങ്കാളികളാണ് ഇരുവരും.

അനൂപ് മാലിക്കിനെ ചോദ്യംചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. വിവിധ സ്ഥലങ്ങളില്‍നിന്ന് ശേഖരിക്കുന്ന സ്‌ഫോടകവസ്തുക്കള്‍ പാലക്കാട് എത്തിച്ചാണ് മൂവരും ചേര്‍ന്ന് രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. ഏപ്രിലില്‍ ആറുതവണ ടണ്‍കണക്കിന് സ്‌ഫോടകവസ്തുക്കള്‍ കണ്ണൂരിലെത്തിച്ചിരുന്നു. അഞ്ച് തവണ എത്തിച്ചവ മുഴുവന്‍ വില്‍പ്പന നടത്തി. വ്യാജ ലൈസന്‍സുണ്ടാക്കി സ്‌ഫോടകവസ്തുക്കള്‍ ഉത്സവാഘോഷങ്ങള്‍ക്കും നല്‍കാറുണ്ട്.

ആഗസ്ത് 30ന് പുലര്‍ച്ചെ രണ്ടിനാണ് കണ്ണപുരം കീഴറ കൂലോത്തിനടുത്ത് റിട്ട. പ്രധാനാധ്യാപകന്‍ കാപ്പാടന്‍ ഗോവിന്ദന്റെ പേരിലുള്ള വീട്ടില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നിരുന്നു. സമീപത്തെ ആറ് വീടുകള്‍ക്കും നാശമുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് കണ്ണപുരം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കേസിന്റെ അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്.