കണ്ണൂർ: കണ്ണൂർ നടുവിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. ഛത്തീസ്ഗഢ് സ്വദേശിയായ നന്ദുലാൽ (22) ആണ് മരിച്ചത്. സംഭവത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ താവുകുന്നിൽ വെച്ചാണ് അപകടമുണ്ടായത്. കുഴൽക്കിണറിന്റെ ജോലികഴിഞ്ഞ് വരികയായിരുന്ന ഛത്തീസ്ഗഢ് സ്വദേശികളായ എട്ട് തൊഴിലാളികളാണ് ലോറിയിൽ ഉണ്ടായിരുന്നത്.

നിയന്ത്രണം വിട്ട ലോറി ഒരു തോട്ടത്തിലേക്ക് മറിയുകയും അവിടെ ഒരു മരത്തിൽ തട്ടി നിൽക്കുകയുമായിരുന്നു. അപകടത്തിൽ ഒരാൾ ലോറിക്കടിയിൽ പെട്ടുപോയിരുന്നു. ആദ്യം നാട്ടുകാരും പിന്നീട് ഫയർഫോഴ്‌സും ചേർന്ന് ലോറി വെട്ടിപ്പൊളിച്ചാണ് തൊഴിലാളികളെ പുറത്തെടുത്തത്.

ലോറിക്കടിയിൽ അകപ്പെട്ടയാളെ ക്രെയിൻ എത്തിച്ച് ലോറി ഉയർത്തിയ ശേഷമാണ് പുറത്തെത്തിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.