- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയെ ഒരു വര്‍ഷത്തേക്ക് പത്തനംതിട്ട ജില്ലയില്‍ കടക്കുന്നത് തടഞ്ഞ് ഉത്തരവ്: നടപടി കാപ്പ നിയമ പ്രകാരം
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയെ ഒരു വര്‍ഷത്തേക്ക് പത്തനംതിട്ട ജില്ലയില്‍ കടക്കുന്നത് തടഞ്ഞ് ഉത്തരവ്
പത്തനംതിട്ട: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ ജില്ലയില്‍ നിന്നും ഒരു വര്‍ഷത്തേക്ക് പുറത്താക്കി. ആറന്മുള ഇലന്തൂര്‍ ഇടപ്പരിയാരം വരട്ടുച്ചിറ കോളനി മുന്നൂറ്റി മംഗലം വീട്ടില്‍ ആരോമലി(21) നെയാണ് ഒരുവര്‍ഷത്തേക്ക് ജില്ലയില്‍ കടക്കുന്നത് തടഞ്ഞ് ഡി ഐ ജി എസ് അജിതാ ബേഗം ഉത്തരവായത്. കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (കാപ്പ ) വകുപ്പ് 15(1) പ്രകാരം ജില്ലാ പോലീസ് മേധാവിയുടെ ജനുവരി 15 ലെ ശുപാര്‍ശയിന്മേലാണ് ഡി ഐ ജി യുടെ നടപടി.
ആറന്മുള കോന്നി പത്തനംതിട്ട പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച് കോടതിയില്‍ വിചാരണയില്‍ ഇരിക്കുന്ന മൂന്ന് കേസുകളാണ് നടപടിക്കായി പരിഗണിച്ചത്. ഇന്നുമുതലാണ് പ്രാബല്യം. ആറന്മുള പോലീസ് സ്റ്റേഷനിലെ 'അറിയപ്പെടുന്ന റൗഡി' ആയ ഇയാള്‍ പ്രായപൂര്‍ത്തി ആവുന്നതിനു മുമ്പ് തന്നെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിരുന്നു.
2018 മുതല്‍ ആറന്മുള, പത്തനംതിട്ട,കോന്നി പോലീസ് സ്റ്റേഷന്‍ പരിധികളില്‍ പൊതുജീവിതത്തിന് നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും കുറ്റകരമായ നരഹത്യാശ്രമം, തീവെപ്പ്, മോഷണം സ്ത്രീകളോട് മര്യാദലംഘനം, കഠിന ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുകയും ചെയ്തു. നിലവില്‍ റൗഡി ഹിസ്റ്ററി ഷീറ്റില്‍ ഉള്‍പ്പെട്ട ആളാണ്. ഒരു വര്‍ഷത്തേക്ക് നല്ല നടപ്പ് ജാമ്യം ഉത്തരവാകുന്നതിനായി വേണ്ടി എസ് എച്ച് ഓ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അടൂര്‍ ജെ എഫ് എം കോടതിയുടെ പരിഗണയിലാണ്. ഡി ഐ ജി ഓഫീസില്‍ ഇയാള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നടത്തുകയും നേരില്‍ കേള്‍ക്കുകയും ചെയ്തിരുന്നു.
ഇയാള്‍ പ്രതിയായി ഒടുവില്‍ എടുത്ത കേസ് കഴിഞ്ഞ സെപ്റ്റംബര്‍ 5 ന് കോന്നി പോലീസ് രജിസ്റ്റര്‍ ചെയ്തതാണ്. ഈ കേസില്‍ അറസ്റ്റിലാവുകയും തുടര്‍ന്ന് ജാമ്യത്തിലിറങ്ങുകയും ചെയ്തു. ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കപ്പെട്ട പ്രതി, ഇത് ലംഘിച്ചാല്‍ കാപ്പ നിയമം വകുപ്പ് 15(4) പ്രകാരം ഇയാള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. അടുത്ത ബന്ധുക്കളുടെ വിവാഹം മരണം തുടങ്ങിയ ചടങ്ങുകളില്‍ ജില്ലാ പോലീസ് മേധാവിയുടെ മുന്‍കൂര്‍ അനുമതിയോടെ ജില്ലയില്‍ പ്രവേശിക്കാം. പുറത്താക്കപ്പെടുന്ന കാലയളവില്‍ താമസിക്കുന്ന സ്ഥലത്തെ വിലാസം ജില്ലാ പോലീസ് മേധാവിയെയും ആറന്മുള എസ് എച്ച് ഓ യേയും അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു.