കാസര്‍കോട്: ഉപ്പളയില്‍ കാര്‍ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയിലാണ് അപകം. ഉപ്പള ചെക്പോസ്റ്റിനടുത്ത് വെച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ ബേക്കൂര്‍ സ്വദേശി കൃഷ്ണകുമാര്‍, ബായിക്കട്ട സ്വദേശി വരുണ്‍, മംഗലാപുരം സ്വദേശി കിഷുന്‍ എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരതരമായി പരിക്കേറ്റിട്ടുണ്ട്.

ഉപ്പിനങ്ങാടി സ്വദേശി രത്തനാണ് പരിക്കേറ്റത്. കാറിലുള്ളവര്‍ മംഗലാപുരത്തേക്ക് പോവുകയായിരുന്നു എന്നാണ് വിവരം. പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചു കയറിയ കാര്‍ 50 മീറ്റോളം ദൂരം കൈവരി ഇടിച്ച് തകര്‍ത്ത് മുന്നോട്ട് പോയി. അപകടത്തില്‍ മരിച്ച മൂന്ന് പേരും കാറില്‍ നിന്ന് റോഡിലേക്ക് തെറിച്ച് വീണു. ഓടിക്കൂടിയ നാട്ടുകാരും മറ്റ് വാഹനങ്ങളിലുള്ളവരും ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.