കണ്ണുര്‍: 1974ല്‍ ആരംഭിച്ച കെല്‍ട്രോണ്‍ രാജ്യത്താകമാനമുള്ള വിവര സാങ്കേതിക വിദ്യ, ഇലക്ട്രോണിക്സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കല്ല്യാശ്ശേരിയിലെ കണ്ണൂര്‍ കെല്‍ട്രോണ്‍ കോംപണന്റ് കോപ്ലക്സ് ലിമിറ്റഡില്‍ (കെസിസിഎല്‍) ഇന്ത്യയിലെ ആദ്യ സൂപ്പര്‍ കപ്പാസിറ്റര്‍ ഉത്പാദന കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രോണിക്സ് പ്രൊഡക്ഷന്‍ കമ്പനിയായ കെല്‍ട്രോണ്‍ തന്നെയാണ് ഇന്ത്യയിലെ ആദ്യത്തെ സൂപ്പര്‍ കപ്പാസിറ്റര്‍ ഉത്പാദന കേന്ദ്രം തുടങ്ങുന്നത് എന്നത് എല്ലാവര്‍ക്കും അഭിമാനിക്കാവുന്ന കാര്യമാണ്. കേരളത്തിന് ഇതുപോലെ ഒട്ടേറെ പ്രത്യേകതകളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ആദ്യത്തെ ഐടി പാര്‍ക്ക് കേരളത്തിലാണ്. രാജ്യത്തിലെ ആദ്യത്തെ ഗ്രാഫീന്‍ കേന്ദ്രം, ആദ്യത്തെ ഡിജിറ്റല്‍ യൂനിവേഴ്സിറ്റി, ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് എന്നിവ കേരളത്തിലാണ്. രാജ്യത്തിലെ പ്രഥമ ജെന്‍ എഐ കോണ്‍ക്ലേവ് നടന്നത് കേരളത്തിലാണ്. സൂപ്പര്‍ കപ്പാസിറ്റര്‍ നിര്‍മ്മാണ പദ്ധതിയില്‍ കെല്‍ട്രോണുമായി സഹകരിച്ച ഐഎസ്ആര്‍ഒക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു.

42 കോടി രൂപ ചെലവഴിച്ചാണ് സൂപ്പര്‍ കപ്പാസിറ്റര്‍ നിര്‍മ്മാണ കേന്ദ്രം ആരംഭിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെല്‍ട്രോണ്‍ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ ഉയര്‍ച്ചയിലേക്ക് നയിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ നാടിനെ ഇലക്ട്രോണിക്സ് വ്യവസായങ്ങളുടെ ഹബ് ആക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിന് നിലവിലുള്ള ഉത്പാദന ശേഷി വിപുലീകരിക്കണം. ഉന്‍പാദന ഉപാധികള്‍ നവീകരിക്കണം. അതിനെല്ലാം സഹായകമാവും വിധത്തില്‍ ആയിരം കോടിയുടെ അധിക നിക്ഷേപം ഇലക്ട്രോണിക്സ് മേഖലയില്‍ നടത്താനാണ് ഉദ്ദേശിച്ചിട്ടുള്ളത്.

കേരളത്തെ ഇലക്ട്രോണിക്സ് വ്യവസായങ്ങളുടെ ഹബ് ആക്കുന്നതില്‍ സുപ്രധാനമായ പങ്ക് വഹിക്കാന്‍ കെല്‍ട്രോണിനാണ് സാധിക്കുക. അതിന് പ്രാപ്തമാക്കാന്‍ കെല്‍ട്രോണിനെ കാലോചിതമായി നവീകരിക്കാനായി 395 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. അതില്‍ പല പദ്ധതികളും പൂര്‍ത്തീകരണത്തോട് അടുക്കുകയാണ്. കെല്‍ട്രോണിന്റെ കരകുളം യൂനിറ്റിനെ പവര്‍ ഇലക്ട്രോണിക്സിന്റെ ഭാഗമാക്കാനുള്ള പദ്ധതി നടപ്പാക്കുകയാണ്. കേരളത്തെ ഇലക്ട്രോണിക് ഹബാക്കി മാറ്റുന്നതിന്റെ ഭാഗമായി ദേശീയപാതകളെ ബന്ധിപ്പിച്ച് ഐടി കൊറിഡോര്‍ ഒരുക്കുന്നതിന് നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ആമ്പല്ലൂരില്‍ ഇലക്ട്രോണിക്സ് ഹാര്‍ഡ്വെയര്‍ മാനുഫാക്ചറിംഗ് പാര്‍ക്ക് സ്ഥാപിക്കുകയാണ്.

കേരളത്തില്‍ നിലവിലുള്ള ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് കമ്പനികള്‍ക്ക് സഹായകമാവും വിധം ഇലക്ട്രോണിക്സ് കോംപണന്റ്സ് ഇക്കോസിസ്റ്റം രൂപീകരിക്കാനും ഉദ്ദേശിക്കുന്നു. ഇതിനായി ചെറുകിട മാനുഫാക്ചറിംഗ് ക്ലസ്റ്ററും ടെസ്റ്റിംഗ് സൗകര്യവും ലാബുകളും ടൂള്‍ റൂമുകളും ഒരുക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കെസിസിഎല്‍ സൂപ്പര്‍ കപ്പാസിറ്റര്‍ നിര്‍മ്മാണ പ്ലാന്റിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ച ശേഷം മുഖ്യമന്ത്രി പ്ലാന്റിന്റെ പ്രവര്‍ത്തനം നോക്കികണ്ടു.

ഉദ്ഘാടന ചടങ്ങില്‍ വ്യവസായ, നിയമ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു. കെല്‍ട്രോണ്‍ ചെയര്‍മാന്‍ എന്‍ നാരായണ മൂര്‍ത്തി പദ്ധതി വിശദീകരിച്ചു. മുന്‍ മന്ത്രി ഇ പി ജയരാജന്‍ വിശിഷ്ടാതിഥിയായി. എം വിജിന്‍ എം എല്‍ എ, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കെസിസിഎല്‍ എം ഡി കെ ജി കൃഷ്ണകുമാര്‍, ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി മുകുന്ദന്‍, കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ടി ബാലകൃഷ്ണന്‍, കെസിസിപിഎല്‍ ചെയര്‍മാന്‍ ടി വി രാജേഷ്, സ്പാറ്റൊ മേഖല സെക്രട്ടറി വിനോദന്‍ പൃത്തിയില്‍, കെല്‍ട്രോണ്‍ എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ യൂണിറ്റ് സെക്രട്ടറി കെ സുന്ദരന്‍ എന്നിവര്‍ സംസാരിച്ചു.

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള കെല്‍ട്രോണ്‍ കോംപണന്റ് കോംപ്ലക്സ് ആരംഭിക്കുന്ന പുതിയ പ്ലാന്റില്‍ നിന്ന് ലോകനിലവാരത്തിലുള്ള സൂപ്പര്‍ കപ്പാസിറ്ററുകള്‍ തദ്ദേശീയമായി നിര്‍മ്മിച്ച് ഇന്ത്യന്‍ പ്രതിരോധമേഖലയ്ക്കും ഇലക്ട്രിക് വാഹനങ്ങള്‍ക്കും ബഹിരാകാശ ദൗത്യങ്ങള്‍ക്കുമുള്‍പ്പെടെ വിതരണം ചെയ്യാന്‍ സാധിക്കും. ഇറക്കുമതി ചെയ്ത യന്ത്രങ്ങള്‍ ഘടിപ്പിക്കുന്നതുള്‍പ്പെടെ ആദ്യഘട്ട നിര്‍മ്മാണം പൂര്‍ണമായും പൂര്‍ത്തിയായിട്ടുണ്ട്. ഒരു ദിവസം 2000 സൂപ്പര്‍ കപ്പാസിറ്ററുകള്‍ വരെ നിര്‍മ്മിക്കാന്‍ പുതിയ പ്ലാന്റിന് സാധിക്കും.

ഏറ്റവും ഉയര്‍ന്ന ശേഷിയുള്ള കപ്പാസിറ്ററുകളായ സൂപ്പര്‍ കപ്പാസിറ്റര്‍ ബൈക്ക് മുതല്‍ ബഹിരാകാശ വാഹനങ്ങളിലടക്കം ഉപയോഗിക്കുന്ന ഘടകമാണ്.

ബാറ്ററികളിലേതിനേക്കാള്‍ വളരെ പെട്ടെന്ന് ചാര്‍ജ് സ്വീകരിക്കാനും വിതരണം ചെയ്യാനും സൂപ്പര്‍ കപ്പാസിറ്ററുകള്‍ വഴി സാധിക്കും. ദീര്‍ഘകാലത്തേക്ക് തകരാറില്ലാതെ പ്രവര്‍ത്തിക്കുന്ന ഇവ ഇലക്ട്രിക് വാഹനങ്ങള്‍, ഓട്ടോമോട്ടീവ് യന്ത്രങ്ങള്‍, ഇന്‍വേര്‍ട്ടറുകള്‍, എനര്‍ജി മീറ്റര്‍ തുടങ്ങി ഒട്ടേറെ ഉപകരണങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കും. രാജ്യത്തിന്റെ പ്രതിരോധ മേഖലയില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണിനൊപ്പം ഐ.എസ്.ആര്‍.ഒ, ഡി.ആര്‍.ഡി.ഒ, സി.എം.ഇ. ടി എന്നീ സ്ഥാപനങ്ങളും സഹകരിക്കുന്നുണ്ട്. ഐ.എസ്.ആര്‍ ഒ യുടെ സാങ്കേതിക സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

നാലാം വര്‍ഷത്തോടെ 22 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവും മൂന്ന് കോടി രൂപയുടെ വാര്‍ഷിക ലാഭവും പ്രതീക്ഷിക്കുന്നു. 2000 സൂപ്പര്‍കപ്പാസിറ്ററുകളായിരിക്കും പ്രതിദിന ഉല്‍പാദന ശേഷി. ഇതോടെ കെ.സി.സി.എല്‍ ലോകനിലവാരമുള്ള ഇലക്ട്രോണിക്സ് കോംപണന്റ്സ് ഉല്‍പാദകരിലൊന്നായി മാറി കഴിഞ്ഞു.