തിരുവനന്തപുരം: രാജ്യത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി കേരളം മാറുന്നു. പ്രഖ്യാപനം ഇന്ന് വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ചടങ്ങില്‍ തദ്ദേശഭരണമന്ത്രി എം.ബി. രാജേഷ് അധ്യക്ഷനായിരിക്കും. വിവിധ മന്ത്രിമാരും ജനപ്രതിനിധികളും പങ്കുചേരും.

2021-ല്‍ തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറ പഞ്ചായത്തില്‍ ആരംഭിച്ച ഡിജി സാക്ഷരതാ പ്രവര്‍ത്തനങ്ങളാണ് പദ്ധതിക്ക് അടിത്തറയായത്. തുടര്‍ന്ന് 2022 സെപ്റ്റംബര്‍ 21-ന് പുല്ലമ്പാറയെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടിയ പഞ്ചായത്തായി പ്രഖ്യാപിക്കുമ്പോഴാണ് 'ഡിജി കേരളം' പദ്ധതി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

പദ്ധതി ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുമ്പുതന്നെ സംസ്ഥാനത്തെ 27 തദ്ദേശ സ്ഥാപനങ്ങള്‍ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത ലക്ഷ്യമിട്ട് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. സംസ്ഥാനവ്യാപകമായ പരിശീലനങ്ങളും ജനപങ്കാളിത്തവും മുഖേനയാണ് കേരളം ചരിത്ര നേട്ടത്തിലെത്തിയത്.