തിരുവനന്തപുരം: അര്‍ബുദരോഗ ചികിത്സയുടെ പുതിയ വെല്ലുവിളികളും സാധ്യതകളും തേടുന്ന കേരള ക്യാന്‍സര്‍ കോണ്‍ക്ലേവ് 2025 ന് തലസ്ഥാനം വേദിയാവുന്നു. 2025 ജൂണ്‍ 28 , 29 തീയതികളില്‍ അര്‍ബുദരോഗ ചികിത്സയുടെ നൂതന വഴികള്‍ തേടുന്ന കേരള ക്യാന്‍സര്‍ കോണ്‍ക്ലേവിന് തിരുവനന്തപുരത്ത് ഹോട്ടല്‍ ഹയാത്ത് റീജന്‍സി വേദിയാകും.

അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ ആന്‍ഡ് പീഡിയാട്രിക് ഓങ്കോളജിസ്റ്റ് ഓഫ് കേരളയുടെ നേതൃത്വത്തിലാണ് ഇന്ത്യക്ക് അകത്തും പുറത്തും നിന്നുമായി ഇരുനൂറിലധികം അര്‍ബുദ രോഗ ചികിത്സാ വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന കേരള ക്യാന്‍സര്‍ കോണ്‍ക്ലേവ് 2025 സംഘടിപ്പിച്ചിരിക്കുന്നത് . രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന കേരള ക്യാന്‍സര്‍ കോണ്‍ക്ലേവില്‍ ഏഴ് വിഭാഗങ്ങളിലായി വിവിധ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

അര്‍ബുദ ചികിത്സാ മേഖലയിലെ പ്രശസ്ത ഡോക്ടര്‍മാരായ അമേരിക്കയിലെ മായോ ക്ലിനിക്കില്‍ നിന്നുള്ള ഡോ ഷാജി കുമാര്‍ , അമേരിക്കയിലെ തന്നെ റോസ് വെല്‍ പാര്‍ക്കില്‍ നിന്നുള്ള ഡോ സാബി ജോര്‍ജ് ,ഡോ എം .വി പിള്ള , ഡോ ബെന്‍ ജോര്‍ജ് , ഡോ ജെമി എബ്രഹാം , തുടങ്ങിയവര്‍ വിവിധ വിഭാഗങ്ങളിലെ ചര്‍ച്ചകളില്‍ പങ്കെടുക്കും . ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ മുംബൈ ഡയറക്ടര്‍

ഡോ പ്രമീഷ് സി എസ് , മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ സതീശന്‍, ചെന്നൈ അപ്പോളോ പ്രോട്ടോണ്‍ സെന്ററിലെ വിദഗ്ദ്ധന്‍ ഡോ രാകേഷ് ജലാലി , ഡോ എസ് എസ് ലാല്‍ , ഡോ എം ആര്‍ രാജഗോപാല്‍ , ജയന്ത് മാമന്‍ മാത്യു , മുരളി തുമ്മാരകുടി, ഇന്ത്യയിലെ പ്രമുഖ അര്‍ബുദ ചികിത്സാ കേന്ദ്രമായ ഡോ ഭാവന സിരോഹി, തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിക്കും .

കാന്‍സര്‍ നിയന്ത്രണത്തില്‍ സര്‍ക്കാരുകളുടെ പങ്ക് എന്ന വിഷയത്തില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം പി ,ജോണ്‍ ബ്രിട്ടാസ് എം പി , ഷാഫി പറമ്പില്‍ എം പി , മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ,ഡോ ബോബന്‍ തോമസ് എന്നിവര്‍ സംസാരിക്കും . കേരള ക്യാന്‍സര്‍ കോണ്‍ക്ലേവ് 2025 ന്റെ ഭാഗമായി കാന്‍സര്‍ ഒപ്പീനിയന്‍ സര്‍വേയുടെ പ്രകാശനവും നടക്കും .

കേരളത്തിലെ കാന്‍സര്‍ രോഗികളുടെ സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ കാന്‍സര്‍ രോഗ ചികിത്സ കേരളത്തില്‍ നേരിടുന്ന വെല്ലിവിളികളും സാധ്യതകളും വിശകലനം ചെയ്യപ്പെടും . കാന്‍സര്‍ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലെ മാധ്യമങ്ങളുടെ ഉപയോഗവും ദുരുപയോഗവും, അര്‍ബുദ രോഗ ചികിത്സയില്‍ മരുന്നുകളുടെ ഉപയോഗത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ , ക്യാന്‍സര്‍ ചികിത്സാ മേഖലയുടെ പ്രാപ്യത, ഇന്‍ഷ്വറന്‍സ് തുടങ്ങിയ സൗകര്യങ്ങളുടെ ലഭ്യത , കാന്‍സര്‍ ചികിത്സാ മേഖലയില്‍ നടക്കുന്ന ഗവേഷങ്ങളുടെയും തുടര്‍ പഠനങ്ങളുടെയും ആവശ്യകത, കാന്‍സര്‍ പരിചരണത്തിലെജീനോമിക്സും പ്രിസിഷന്‍ മെഡിസിനും; പൂര്‍ണ്ണമായ സാധ്യതകള്‍ എന്നിവ കോണ്‍ക്ലേവില്‍ പ്രധാന ചര്‍ച്ചാ വിഷയങ്ങളായി മാറുമെന്ന് അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ ആന്‍ഡ് പീഡിയാട്രിക് ഓങ്കോളജിസ്റ്റ് ഓഫ് കേരള ഭാരവാഹികളായ ഡോ ബോബന്‍ തോമസ് , ഡോ അജു മാത്യു എന്നിവര്‍ അഭിപ്രായപ്പെട്ടു .