- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബറിന് കിലോക്ക് 250 രൂപ ഉറപ്പാക്കണം: കേരള കോൺഗ്രസ് എം നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടു
തിരുവനന്തപുരം: റബറിന് കിലോഗ്രാമിന് 250 രൂപ ഉറപ്പാക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി നേതാക്കൾ ചെയർമാൻ ജോസ് കെ മാണിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുകയും നിവേദനം സമർപ്പിക്കുകയും ചെയ്തു.
കേരളത്തിലെ 12 ലക്ഷത്തോളം വരുന്ന ചെറുകിട റബർ കർഷകരും 5 ലക്ഷത്തോളം വരുന്ന റബർ ടാപ്പിങ് തൊഴിലാളികളും ആയിരകണക്കിന് ചെറുകിട റബർ വ്യാപാരികളും റബർ വിലയിടിവ്മൂലം ദുരിതത്തിലാണ്. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ റബർ വിലസ്ഥിരതാഫണ്ടിലേക്ക് 600 കോടി രൂപ നീക്കിവെച്ച് റബറിന്റെ താങ്ങുവില കിലോയ്ക്ക് 150 ൽ നിന്നും 170 രൂപയാക്കി ഉയർത്തിയിരുന്നു.
എങ്കിലും റബർകർഷകർ ഇന്ന് വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. കേരളത്തിൽ റബർ കൃഷി ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കേണ്ടത് അനിവാര്യമാണ്. റബർകൃഷിയുമായി മുന്നോട്ടുപോയാൽ ജീവിക്കാൻ കഴിയില്ലെന്ന കർഷകരുടെ ആശങ്ക പരിഹരിക്കപ്പെടണം. മുഖ്യമന്ത്രി ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെട്ട് റബറിന് കിലോഗ്രാമിന് 250 രൂപ ഉറപ്പാക്കാൻ ആവശ്യമായ തീരുമാനം കൈക്കൊള്ളണം. 250 രൂപയെങ്കിലും ഉറപ്പാക്കിയില്ലെങ്കിൽ കർഷകർ റബർ കൃഷി തന്നെ ഉപേക്ഷിക്കാൻ നിർബന്ധിതരാകും.
1947 ലെ റബർ ആക്ട് പരിഷ്കരിക്കുമ്പോൾ റബറിന്റെ അടിസ്ഥാന വില ഉറപ്പുവരുത്താനുള്ള വ്യവസ്ഥ ഉൾപ്പെടുത്തണമെന്ന നിർദ്ദേശം സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിന് നൽകേണ്ടതാണ്. നിലവിലെ നിയമപ്രകാരം റബർ ടാപ്പിങ് തൊഴിലാളികൾക്ക് സാധാരണ തൊഴിലാളികൾക്ക് ലഭിക്കുന്ന ആനൂകൂല്യങ്ങൾ കൊടുക്കുവാൻ വ്യവസ്ഥയില്ല. പുതിയ നിയമത്തിൽ റബർ ടാപ്പിങ് തൊഴിലാളികൾക്ക് ആവശ്യമായ ആനുകൂല്യങ്ങൾ ലഭിക്കുവാനുള്ള നിയമവ്യവസ്ഥകൾ കൂടി ഉൾപ്പെടുത്തുന്നതിനുള്ള നിർദ്ദേശം സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും നൽകേണ്ടതാണെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
ജോസ് കെ മാണിയുടെ നേതൃത്വത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ, ഗവ. ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, തോമസ് ചാഴികാടൻ എംപി, പാർട്ടി ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, എം എൽ എ മാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്.
മറുനാടന് മലയാളി ബ്യൂറോ