- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് ബറ്റാലിയനുകളിലെ 479 പേര് പോലീസ് സേനയുടെ ഭാഗമായി; കേരളത്തിലെ പൊലീസ് ബാഹ്യസമ്മര്‍ദങ്ങളില്ലാതെ നീതിയുക്തമായിപ്രവര്‍ത്തിക്കുന്ന സേന: മുഖ്യമന്ത്രി
രണ്ട് ബറ്റാലിയനുകളിലെ 479 പേര് പോലീസ് സേനയുടെ ഭാഗമായി
കണ്ണൂര്‍: ബാഹ്യസമ്മര്‍ദങ്ങളില്ലാതെ സ്വതന്ത്രവും നീതിയുക്തവുമായി പ്രവര്‍ത്തിക്കുന്ന പൊലീസ് സേനയാണ് സംസ്ഥാനത്ത് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാങ്ങാട്ടുപറമ്പിലെ കെഎപി നാലാം ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ടില്‍ പരിശീലനം പൂര്‍ത്തിയാക്കിയ പൊലീസുകാരുടെ പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .
ഏത് സമയത്തും ഭയരഹിതരായി കേരളത്തിലെ ഏത് പൊലീസ് സ്റ്റേഷനുകളിലും കടന്നു ചെല്ലാനാകുന്ന സ്ഥിതിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പല ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്കും പൊലീസ് വഴങ്ങിയ കാലമുണ്ടായിരുന്നു. നിലവില്‍ അത്തരമൊരു സാഹചര്യം ഇല്ല. നീതിപൂര്‍വ്വം ഉത്തരവാദിത്തം പൊലീസുകാര്‍ക്ക് ചെയ്യാനാകുന്നുണ്ട്. ആ ഉത്തരവാദിത്തം പുതിയ സേനാംഗങ്ങളും ഭംഗിയായി നിറവേറ്റണം. പൊതുജനങ്ങളോട് സൗമ്യമായി പെരുമാറുമ്പോള്‍ തന്നെ കുറ്റവാളികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാന്‍ ആരുടെയും അനുവാദത്തിന് കാത്തു നില്‍ക്കേണ്ടതില്ല. സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ മുന്തിയ പരിഗണന നല്‍കണം.
ജനങ്ങളുടെ സുഹൃത്തായി പ്രവര്‍ത്തിക്കുമ്പോഴും ക്രിമിനലുകളോട് വിട്ടുവീഴ്ച അരുത്. ജനകീയ പൊലീസ് നയത്തിലൂന്നിയ പ്രവര്‍ത്തനമാണ് സേനയ്ക്കുള്ളത്. ആ പെരുമാറ്റങ്ങളാണ് സേനയിലേക്ക് പുതുതായി വരുന്നവരും പിന്തുടരേണ്ടത്. ബിടെക്, എംബിഎ, ബിരുദാന്തര ബിരുദം, ബി എഡ് തുടങ്ങി ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത യുള്ളവരാണ് സേനയിലേക്ക് പുതുതായി കടന്നുവരുന്നത്. യോഗ്യതയ്ക്കനുസരിച്ച് ഉയര്‍ന്ന നിലവാരമുള്ള പെരുമാറ്റം സേനാംഗങ്ങള്‍ക്ക് ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സൈബര്‍, ശാസ്ത്രീയ അന്വേഷണങ്ങളില്‍ രാജ്യത്തെ ഒന്നാമത്തെ സേനയാണ് കേരളത്തിലേത്. പോലീസ് സേനയെ ആധുനീകരിക്കുന്നതിനും നവീകരിക്കുന്നതിനും വലിയ ശ്രമം നടക്കുന്നു. അടിസ്ഥാന സൗകര്യം വര്‍ധിപ്പിച്ചു സൈബര്‍ ഫോറന്‍സിക് മേഖലയില്‍ ആധുനിക പരിശീലനം നല്‍കുക, വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുക, സേനയുടെ അംഗബലം വര്‍ധിപ്പിക്കുക എന്നിവ സര്‍ക്കാര്‍ നടപ്പാക്കുന്നു. ഇതിനനുസരിച്ച് നീതിപൂര്‍വ്വമായി ജോലി ചെയ്യാന്‍ പോലീസിന് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെഎപി രണ്ട്, നാല് ബറ്റാലിയനുകളിലെ പരിശീലനം പൂര്‍ത്തിയാക്കിയ 479 സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡാണ് കഴിഞ്ഞത്. പരിശീലന കാലയളവിലെ മികച്ച പ്രകടനത്തിന് കെഎപി നാലാം ബറ്റാലിയനിലെ പി. കെ സന്‍ജോഗ് (ഇന്‍ ഡോര്‍), ഇ. പി. ശ്രീകാന്ത്(ഔട്ട് ഡോര്‍), പി. അഖില്‍(ഷൂട്ടര്‍), വി.പി. നിഖില്‍രാജ് (ഓള്‍റൗണ്ടര്‍) കെ. വി. നിഥിന്‍ (സൈബര്‍ മികവ്), കെഎപി രണ്ടാം ബറ്റാലിയനിലെ പി. അരുണ്‍ (ഇന്‍ ഡോര്‍), അമല്‍ മനോഹര്‍ (ഔട്ട ്‌ഡോര്‍), ജി. കിഷോര്‍ (ഷൂട്ടര്‍), പി. അരുണ്‍ (ഓള്‍റൗണ്ടര്‍), ഷാമില്‍ സത്താര്‍ (സൈബര്‍ മികവ്) എന്നിവര്‍ക്കുള്ള ട്രോഫി മുഖ്യമന്ത്രി വിതരണം ചെയ്തു.
ചടങ്ങില്‍ രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ഡിജിപി റവാഡ ആസാദ് ചന്ദ്രശേഖര്‍, എഡിജിപി എസ്. ശ്രീജിത്ത്, ഡിഐജി ആംഡ് പോലീസ് ബറ്റാലിയന്‍ ഡോ. അരുള്‍ ആര്‍. ബി. കൃഷ്ണ, കെഎപി നാലാം ബറ്റാലിയന്‍ കമാണ്ടന്റ് എ. ശ്രീനിവാസന്‍, കെഎപി രണ്ടാം ബറ്റാലിയന്‍ കമാണ്ടന്റ് ആര്‍. രാജേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.




