കണ്ണൂർ: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇപ്പോഴിതാ, ആറളം വനമേഖലയില്‍ ഉരുള്‍പൊട്ടിയതായി സംശയം. ആറളം ഫാമിലെ ബ്ലോക്ക് 11,13 എന്നിവിടങ്ങളിലെ 30 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പ്രദേശത്ത് പാലങ്ങളടക്കം വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. അതുപോലെ വയനാട് മക്കിമല വനത്തിനുള്ളില്‍ മണ്ണിടിച്ചിലുണ്ടായതായി സംശയം ഉണ്ട്. തലപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

ശക്തമായ മഴയെ തുടർന്ന്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് തുടങ്ങി എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്.

സംസ്ഥാനത്തൊട്ടാകെ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം നൽകിയിരിക്കുന്നത്. നദികളിൽ വളരെ അപകടകരമാം വിധം ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് പ്രളയസാധ്യതാ മുന്നറിയിപ്പും ഇതിനോടകം നൽകുകയും ചെയ്തിട്ടുണ്ട്.