തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്കൻ ആൻഡമാൻ കടലിന് മുകളിലായി രൂപപ്പെട്ട ചക്രവാതചുഴിയാണ് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദമായി ശക്തി ഇപ്പോൾ പ്രാപിച്ചത്.

ഈ ന്യൂനമർദ്ദം രണ്ട് ദിവസത്തിനുള്ളിൽ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമർദ്ദമാകുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത ഉണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 26-27 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

ഇത് പ്രകാരം 26 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് ഉണ്ട്.