തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലെ ന്യൂനമർദ്ദം തെക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്.

അടുത്ത 24 മണിക്കൂറിനുള്ളിൽ അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ച് തുടർന്നുള്ള രണ്ട് ദിവസത്തിൽ തമിഴ്നാട് - ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

അതേസമയം, കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 26, 27, 28 തിയ്യതികളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 26ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും 27ന് ഇടുക്കി, എറണാകുളം തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും 28ന് ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതെന്നും മുന്നറിയിപ്പ് ഉണ്ട്. ഈ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.