തിരുവനന്തപുരം: കേരളത്തില്‍ നവരാത്രിക്ക് ശേഷം കാലാവസ്ഥയില്‍ മാറ്റം ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട്. നിലവിലെ കാലാവസ്ഥാ സൂചനകള്‍ പ്രകാരം, ദക്ഷിണപടിഞ്ഞാറന്‍ കാലവര്‍ഷം ഇനി കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ണമായും ദുര്ബലമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാജസ്ഥാനടക്കം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും മഴ പിന്‍വാങ്ങി തുടങ്ങി. ഇതിന് പിന്നാലെ പതിവുപോലെ തുലാവര്‍ഷം സംസ്ഥാനത്ത് എത്തും.

അതേസമയം, അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപംകൊള്ളുന്ന ന്യൂനമര്‍ദ്ദങ്ങള്‍ കേരളത്തെ വലിയ രീതിയില്‍ ബാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. അറബിക്കടലിലെ ന്യൂനമര്‍ദ്ദം സൗരാഷ്ട്ര വഴി കടന്നുചെന്ന ശേഷം ഒമാന്‍ ഭാഗത്തേക്ക് നീങ്ങും. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ആന്‍ഡമാന്‍ കടലില്‍ നിന്നും മാറി വരുന്ന സാഹചര്യത്തിലാണെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ ചെറുതായി മഴ ലഭിക്കാമെന്നാണ് മുന്നറിയിപ്പ്. മറ്റു ജില്ലകളില്‍ ഇടയ്ക്കിടെ മഴയും വെയിലും മാറിയുള്ള കാലാവസ്ഥ തുടരുമെന്ന് പ്രവചിക്കുന്നു. വരാനിരിക്കുന്ന ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മാത്രമേ മഴയ്ക്ക് സാധ്യതയുള്ളുവെന്നും വകുപ്പ് അറിയിച്ചു.