- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടമ്മയെന്ന് വിളിക്കേണ്ട; 'വളയിട്ട കൈകളില്‍ വളയം ഭദ്രം, പെണ്‍ബുദ്ധി പിന്‍ബുദ്ധി' തുടങ്ങിയ ലിംഗ വിവേചനവും ലൈംഗിക ചുവയുള്ള പ്രയോഗങ്ങളും വേണ്ട; മാധ്യമങ്ങള്‍ക്ക് മാര്‍ഗരേഖയുമായി വനിതാ കമ്മീഷന്
വീട്ടമ്മയെന്ന് വിളിക്കേണ്ട
കൊച്ചി: ജോലിയില്ലാത്ത സ്ത്രീകളെ വീട്ടമ്മയെന്ന് വിളിക്കുന്നത് തിരുത്തണമെന്ന് വനിതാ കമ്മീഷന്. വാര്‍ത്താ വിതരണത്തിലെ ലിംഗവിവേചന പരമായ വാക്കുകള്‍ പാടില്ലെന്നാണ് വനിതാ കമ്മീഷന് മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നത്. മാധ്യമങ്ങളുടെ സമീപനത്തിലും ഭാഷയിലും വരുത്തേണ്ട മാര്‍ഗ രേഖയിലാണ് വനിതാ കമീഷന് ഇക്കാര്യം വ്യക്തമാക്കിയത്. ശുപാര്‍ശകള്‍ സഹിതം വനിതാ കമീഷന് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. പ്രാസം, കാവ്യാത്മകത, വായനയുടെ സൗന്ദര്യം തുടങ്ങിയ എഴുത്തിന്റെ പരിഗണനകള്‍ സ്ത്രീ പദവിയുടെയും അതിന്റെ മാന്യതയുടെയും മുന്പില് അപ്രസക്തമാണ്.
'വളയിട്ട കൈകളില്‍ വളയം ഭദ്രം' പോലെ ഏത് തൊഴിലായാലും സ്ത്രീകള്‍ അതിലേക്ക് കടന്ന് വരുമ്പോള്‍ വളയെ കൂട്ടുപിടിക്കുന്ന തലക്കെട്ടുകള്‍ ഒഴിവാക്കുക. 'പെണ്‍ബുദ്ധി പിന്‍ബുദ്ധി', 'അല്ലെങ്കിലും പെണ്ണ് ചെയ്തതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്' എന്ന് വായനക്കാര്‍ക്ക് തോന്നിപ്പിക്കുന്നതരത്തിലുള്ള അവതരണം തുടങ്ങിയവയും ഒഴിവാക്കണം.
സ്ത്രീയും പുരുഷനും ഒന്നിച്ചു ജീവിക്കാന്‍ രഹസ്യമായി പുറപ്പെടുന്ന 'ഒളിച്ചോട്ട' വാര്‍ത്തകളില്‍ 'രണ്ടു കുട്ടികളുടെ അമ്മ കാമുകന്റെ കൂടെ ഒളിച്ചോടി' എന്ന രീതിയില്‍ സ്ത്രീയുടെ മുകളില്‍ അടിച്ചേല്‍പ്പിക്കുന്ന തരം വാര്‍ത്താ തലക്കെട്ടുകളും മാറ്റണം. പാചകം, വൃത്തിയാക്കല്‍, ശിശുസംരക്ഷണം തുടങ്ങിയവ സ്ത്രീകളുടെ കടമയാണെന്നും വിദ്യാഭ്യാസം, ആരോഗ്യം, നിക്ഷേപം, സൈനിക സേവനം തുടങ്ങിയവ പുരുഷന്റെ കടമയാണെന്നും മട്ടിലുള്ള ചിത്രീകരണവും ഒഴിവാക്കണം. ലൈംഗികച്ചുവയുള്ള തലക്കെട്ടുകളും ഒഴിവാക്കണം.
ലിംഗസമത്വമുള്ള മലയാള പദാവലികളുടെ ശൈലീപുസ്തകം അടിയന്തരമായി തയ്യാറാക്കണം. ഔദ്യോഗിക ഉപയോഗത്തിനും മാധ്യമങ്ങളുടെ ഉപയോഗത്തിനും ഇത് ലഭ്യമാക്കണമെന്നും കമ്മീഷന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ഭാഷാവിദഗ്ധര്‍, ലിംഗനീതിപരമായ വിഷയങ്ങളിലെ വിദഗ്ധര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള മീഡിയ അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര് അംഗങ്ങളായ സമിതി രൂപവത്കരിച്ച് ആറു മാസത്തിനകം പുസ്തകം തയ്യാറാക്കണം. സമിതിയിലെ വിദഗ്ധര്‍ കഴിയാവുന്നത്ര സ്ത്രീകള്‍ ആയിരിക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നുണ്ട്.'''