എടപ്പാള്‍: വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി 17കാരനെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് യുവാക്കള്‍ പിടിയിലായി. ചങ്ങരംകുളം പൊലീസ് നടത്തിയ അന്വേഷണം വഴിയാണ് പ്രതികളെ കണ്ടെത്തിയത്. പൊന്നാനി ചോക്കിരിന്റകത്ത് മുഹമ്മദ് മുബഷീര്‍ (19), ഹാജിയാരകത്ത് മുഹമ്മദ് ജസീല്‍ (18), കൂടാതെ 17കാരന്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. എടപ്പാള്‍-പൊന്നാനി റോഡില്‍ പതിനേഴുകാരനെ ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ബലമായി തട്ടിക്കൊണ്ടുപോയത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കുട്ടിയെ പിന്തുടര്‍ന്ന് പിടികൂടിയ സംഘം ബൈക്കില്‍ തട്ടിക്കൊണ്ടുപോയി.

തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സമീപത്ത് വാഹനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ പകര്‍ത്തി പൊലീസിന് കൈമാറിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വിവരം ലഭിച്ച പോലീസ് പ്രതികളെ പിന്തുടര്‍ന്നു. ഇത് തിരിച്ചറിഞ്ഞ സംഘം പതിനേഴുകാരനെ ബിയ്യം ജങ്ഷനു സമീപം ഇറക്കിവിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ചു.

തുടര്‍ന്ന് ചങ്ങരംകുളം ഇന്‍സ്പെക്ടര്‍ ഷൈന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മൂന്ന് പേരെയും പിടികൂടി. പ്രതികളായ മുബഷീറും ജസീലും മുന്‍പ് ലഹരി കേസുകളിലും പോലീസ് ആക്രമണ കേസിലും പ്രതികളാണെന്ന് പോലീസ് വ്യക്തമാക്കി. ഇവര്‍ ലഹരി ഉപയോഗവും ഇടപാടുകളും നടത്തിയിരുന്നതായി കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഗുരുതര വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.