തിരുവനന്തപുരം: കിഫ്ബിയെ ഓഡിറ്റ് ചെയ്താല്‍ ഒരു വെള്ളാനയെന്ന് ബോധ്യപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. അത് ഊരേണ്ടത് എപ്പോഴാണെന്ന് ചോദിക്കേണ്ട അവസ്ഥയാണെന്ന് സതീശന്‍ നിയമസഭയില്‍ പറഞ്ഞു. അടിയന്തര പ്രമേയത്തിന് അവതരാണാനുമതി തേടിയുള്ള നോട്ടീസിന് പിന്നാലെ സഭയില്‍ പ്രസംഗിക്കുകയായിരുന്നു സതീശന്‍. സംസ്ഥാന ബജറ്റിന്റെ മീതെ കിഫ്ബി ഇന്ന് ബാധ്യത ആയി നില്‍ക്കുകയാണ്. എന്നിരുന്നാലും കിഫ്ബി ഭയങ്കര സംഭവമാണെന്ന് വരുത്തി തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കിഫ്ബിയെ ഓഡിറ്റിംഗില്‍ നിന്നു ഒഴിവാക്കുന്നു. ഭരണഘടനാവിരുദ്ധമായ ബദല്‍ സംവിധാനമായി ഇത് മാറി.

കിഫ്ബി പരാജയപ്പെട്ട മോഡലാണ്. കിഫ്ബി ആരുടേയും തറവാട് സ്വത്ത് വിറ്റ പണം അല്ല. പെട്രോള്‍ മോട്ടോര്‍ വാഹന സെസ് ആണ് കിഫ്ബിയുടെ അടിസ്ഥാനം. സംസ്ഥാനം ട്രിപ്പിള്‍ ടാക്‌സ് പിടിക്കുകയാണ്. ഇന്ധന സെസ്, മോട്ടോര്‍ വാഹന നികുതി എന്നിവയ്ക്ക് പുറമേ ഇപ്പോള്‍ റോഡ് ടോളിലേക്ക് കടക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. എന്നാല്‍ കിഫ്ബി ടോളിന്റെ കാര്യം പറഞ്ഞ് ആളുകളെ ആശങ്കയിലാക്കേണ്ട കാര്യമില്ലെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ സഭയില്‍ പറഞ്ഞു. കിഫ്ബി വഴി വരുമാനദായക പദ്ധതികള്‍ ഇനിയും കൊണ്ടുവരും. കിഫ്ബിക്ക് ഡ്രിപ്പ് കൊടുക്കേണ്ട അവസ്ഥയൊന്നുമില്ല. കേന്ദ്രത്തിനൊപ്പം നിലപാടെടുത്ത് കേരളം കൊടുത്ത കേസ് തോല്‍പ്പിക്കരുത്. ഡ്രിപ്പും ബൂസ്റ്റും കൊടുത്ത് ബിജെപിയെ വളര്‍ത്തുന്നത് പ്രതിപക്ഷമാണെന്നും മന്ത്രി വിമര്‍ശിച്ചു.

റോജി എം.ജോണ്‍ ആണ് കിഫ്ബി റോഡുകളില്‍ ടോള്‍ കൊണ്ടുവരാനുള്ള നീക്കം അടിയന്തരപ്രമേയമായി സഭയില്‍ ഉന്നയിച്ചത്. കിഫ്ബി ജനങ്ങളുടെ ബാധ്യത ആകുന്നുവെന്ന് റോജി ആരോപിച്ചു.