കണ്ണൂര്‍ : സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥയായ ദിവ്യ എസ്.അയ്യര്‍ തന്നെ അഭിനന്ദിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ പ്രതികരണവുമായി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെകെ രാഗേഷിനെ തീരുമാനിച്ചതിന് പിന്നാലെ, അദ്ദേഹത്തെ പ്രശംസിച്ച് ദിവ്യ എസ് അയ്യര്‍ ഐഎഎസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റുമായി ബന്ധപ്പെട്ട് വിവാദം ശക്തമാകുമ്പോഴാണ് വിഷയത്തില്‍ പ്രതികരണവുമായി കെ കെ രാഗേഷ് രംഗത്തെത്തുന്നത്. വിവാദം അനാവശ്യമെന്ന് കെ.കെരാഗേഷ് പാറക്കണ്ടിയിലെ സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് നിലപാട് ദൗര്‍ഭാഗ്യകരമെന്ന് പറഞ്ഞ രാഗേഷ് നല്ല വാക്കുകള്‍ പറഞ്ഞതിന് ദിവ്യയെ അധിക്ഷേപിക്കുകയാണെന്ന് വിമര്‍ശിച്ചു. ദിവ്യക്കെതിരെ നടക്കുന്നത് വ്യക്തിപരമായ അധിക്ഷേപമാണെന്നും ദിവ്യയെ അധിക്ഷേപിക്കുന്നത് പ്രാകൃതമനസ്സുള്ളവരാണെന്നും രാഗേഷ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെയാണ് ദിവ്യ അഭിനന്ദിച്ചത്. ഒരു പ്രൊഫഷണല്‍ മറ്റൊരു പ്രൊഫഷണലിനെ കുറിച്ച് പറഞ്ഞതില്‍ എന്താണ് തെറ്റെന്നും കെ കെ രാഗേഷ് ചോദിച്ചു. ജില്ലാ സെക്രട്ടറി അഭിവാദ്യങ്ങള്‍ എന്നല്ല പോസ്റ്റ് ചെയ്തത്. സ്ത്രീയെന്ന പരിഗണന നല്‍കാതെയാണ് സൈബര്‍ ബുള്ളിയിങ് നടത്തുന്നത തെന്നും കെ.കെ.രാഗേഷ് ചൂണ്ടിക്കാട്ടി.