കൊച്ചി: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലേക്ക് എത്തുന്ന യാത്രക്കാർക്കായി കൊച്ചി വാട്ടർ മെട്രോ പ്രത്യേക സർവീസുകൾ നടത്തും. ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം രാത്രി ഏഴ് മണി വരെയാണ് സാധാരണ സർവീസുകൾ ക്രമീകരിച്ചിട്ടുള്ളത്. ഇതിനുപുറമെ, രാത്രി 12 മണി മുതൽ പുലർച്ചെ നാല് മണി വരെ ഹൈക്കോർട്ട്-മട്ടാഞ്ചേരി, ഹൈക്കോർട്ട്-വൈപ്പിൻ റൂട്ടുകളിൽ പ്രത്യേക സർവീസുകൾ ഏർപ്പെടുത്തിയതായി കൊച്ചി വാട്ടർ മെട്രോ അധികൃതർ അറിയിച്ചു.

പുലർച്ചെ നാല് മണി വരെയാണ് സർവീസ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും, അവസാനത്തെ യാത്രക്കാരനെയും ഹൈക്കോർട്ട് ജംഗ്ഷൻ ടെർമിനലിൽ എത്തിക്കുന്നതുവരെ സർവീസ് തുടരുമെന്ന് വാട്ടർ മെട്രോ വ്യക്തമാക്കി. രാത്രി 12 മണി മുതൽ എല്ലാ യാത്രക്കാരെയും സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്.

യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ടെർമിനലുകളിൽ അധിക ടിക്കറ്റ് കൗണ്ടറുകളും കൂടുതൽ സുരക്ഷാ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. പോലീസിന്റെ സേവനവും ടെർമിനലുകളിൽ ലഭ്യമാകും.

തിരക്ക് ഒഴിവാക്കുന്നതിനും സുഗമമായ യാത്രയ്ക്കും യാത്രക്കാർ അച്ചടക്കം പാലിക്കുകയും ക്യൂ നിൽക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യണമെന്ന് കൊച്ചി വാട്ടർ മെട്രോ അഭ്യർത്ഥിച്ചു.