- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലം കണ്ടാല്‍ ഇല്ലം വേണ്ട! 'കൊല്ലവര്ഷ'ങ്ങളുടെ രേഖപ്പെടുത്തലുമായി കൊല്ലം അറ്റ് 75 പി ആര് ഡി തീം സ്റ്റാള്‍
കൊല്ലം: കൊല്ലം കണ്ടാല്‍ ഇല്ലം വേണ്ടെന്നാണ് പഴമൊഴി. ആ കൊല്ലത്തിന്റെ പഴമയും പെരുമയും പുതുമയും കണ്‍മുന്നില്‍ നിറയുന്ന കാഴ്ചകളുമായി ആശ്രാമം മൈതാനിയിയിലെ കൊല്ലം @75 പ്രദര്‍ശന വിപണ മേളയിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ തീം സ്റ്റാള്‍. പ്രദര്‍ശനവേദിയുടെ പ്രവേശന കവാടം കടന്നാലുടന്‍ തന്നെ കൊല്ലത്തിന്റെ ഗരിമ വിവരിച്ചു കൊണ്ടുള്ള 1500 ചതുരശ്ര അടിയുള്ള തീം എരിയയാണ് സന്ദര്‍ശകരെ വരവേല്‍ക്കുന്നത്. കൊല്ലത്തിന്റെ രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരിക, കലാ രംഗത്തെ ചരിത്രവും വര്‍ത്തമാനവും രേഖപ്പെടുത്തിയുള്ള എല്‍.ഇ. ഡി, സ്മാര്‍ട്ട് സ്‌ക്രീന്‍ പ്രദര്‍ശനങ്ങളാണ് വേദിയെ ആകര്‍ഷണവും വിജ്ഞാനദായകവും കൗതുക പൂര്‍ണവുമാക്കുന്നത്.
പൂര്‍ണമായും എല്‍ ഇ ഡി സ്‌ക്രീനുകളാല്‍ നിര്‍മിതമായ പ്രവേശന കവാടത്തില്‍ കൊല്ലം ജില്ലയുടെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ മിന്നി മറയും. തൊട്ടടുത്ത് ഗോളാകൃതിയില്‍ ഒരുക്കിയ ദൃശ്യങ്ങളില്‍ കൊല്ലത്തിന്റെ കലാമേഖലയെ ധന്യമാക്കിയ ഒഎന്‍വിയും ജയനും സദാശിവനും പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ പുനലൂര്‍ തൂക്കുപാലവും ജഡായു പാറയും കണ്ണറ പാലവുമെല്ലാം നിറഞ്ഞു നില്‍ക്കുന്നു. കൊല്ലത്തിന്റെ പെരുമ വിളിച്ചറിയിക്കുന്ന പബ്ലിക് ലൈബ്രറി, ശ്രീ നാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി, ശക്തികുളങ്ങര ഹാര്‍ബര്‍, ലൈറ്റ് ഹൗസ്, കൊല്ലം ബൈപ്പാസ്, തെ•ല ഡാം, ടൈറ്റാനിയം തുടങ്ങിയ കൊല്ലത്തിന്റെ ബിംബങ്ങള്‍ , കൊല്ലത്തെ പറ്റി മാര്‍ക്കോ പോളോയും ഇബ്ന്‍ ബത്തൂത്തയും രേഖപ്പെടുത്തിയ ചരിത്രപ്രസിദ്ധമായ വാക്കുകളും 2018ലെ പ്രളയകാലത്ത് കേരളത്തെ രക്ഷിച്ച മത്സ്യ തൊഴിലാളികളുടെ കൊല്ലം മോഡലും വേലുത്തമ്പി ദളവയുടെ 1809 ല്‍ നടന്ന കുണ്ടറ വിളംബരവും കൊല്ലത്തിന്റെ ചരിത്രത്തില്‍ നിറയുന്നു.
ജില്ലയുടെ രൂപീകരണകാല മുതലുള്ള ചരിത്രം, കൊല്ലവും കൊല്ലവര്‍ഷവും തമ്മിലുള്ള ബന്ധം, പറങ്കികള്‍ക്കും ഡച്ചുകാര്‍ക്കും കൊല്ലവുമായുള്ള ബന്ധം, കൊല്ലത്തെ പ്രധാനപ്പെട്ട ഭരണാധികാരികള്‍ എല്ലാം തന്നെ സെന്‍സര്‍ ഉപയോഗിച്ചുകൊണ്ടുള്ള പീലിംഗ് ബുക്കിലൂടെ വായിക്കാന്‍ കഴിയും. നാടക പ്രസ്ഥാനത്തിനു കരുത്ത് പകര്‍ന്ന കൊല്ലത്തിന്റെ പ്രധാനമുഖങ്ങളായ പി ജെ ആന്റണി, രാജഗോപാലന്‍ നായര്‍, വയലാര്‍ രാമവര്‍മ്മ, തോപ്പില്‍ ഭാസി, ഒ മാധവന്‍, കെപിഎസി ലളിത , കെപിഎസി സുലോചന വിജയകുമാരി അമ്മ സാംസ്‌കാരിക തനിമയ്ക്ക് മാറ്റുകൂട്ടിയ അഴകത്ത് പത്മനാഭ കുറു പ്പ്, കെസി കേശവപിള്ള, ഓച്ചിറ ശങ്കരന്‍കുട്ടി, ഓയൂര്‍ കൊച്ചു ഗോവിന്ദന്‍പിള്ള, മടവൂര്‍ വാസു ദേവന്‍ നായര്‍, ചവറ പാറുക്കുട്ടി, കലാമണ്ഡലം ഗംഗ, കലാമണ്ഡലം ഗംഗാധരന്‍, തോന്നയ്ക്കല്‍ പീതാംബരന്‍, കലാമണ്ഡലം രാജശേഖരന്‍, ഫാക്ട് ചന്ദ്രശേഖരന്‍, കലാമണ്ഡലം രതീഷന്‍, കൊട്ടാരക്കര ഭദ്ര എന്നിവര്‍ എല്‍ഇഡി സ്‌ക്രീനുകളില്‍ നിറഞ്ഞുനില്‍ക്കുന്നു.
കഥാപ്രസംഗ കലാകാരന്‍ സാംബശിവന്‍, കായിക രംഗത്തെ പ്രമുഖ വ്യക്തികളായ ജീ രവീന്ദ്രന്‍ നായര്‍, ഡി ചന്ദ്രലാല്‍, പോളച്ചിറ രാമചന്ദ്രന്‍, ജിന്‍സണ്‍ വര്‍ഗീസ്, ടിസി യോഹന്നാന്‍, ഡി സുരേഷ് ബാബു ,കെ കെ ഗോപാലകൃഷ്ണന്‍, കൃഷ്ണ അജയന്‍ , ടൈറ്റസ് കുര്യന്‍ ടിനു യോഹന്നാന്‍ എന്നു തുടങ്ങി നിരവധി പ്രമുഖരുടെ അടയാളപ്പെടുത്തല്‍ കൂടിയാവുകയാണ് തീം സ്റ്റാള്‍. ജില്ല തുടങ്ങിയകാലം മുതലുള്ള പ്രധാനപ്പെട്ട മന്ത്രിമാര്‍, അവരുടെ വകുപ്പുകള്‍, ഭരണകാലയളവ്, നിലവിലെ മന്ത്രിമാര്‍,അവരുടെ വിവരങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കുന്ന ഫ്ലക്സ് ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.
താലൂക്കുകള്‍,കൃഷി,ഭൂമിശാസ്ത്രം ,വനമേഖല, കാലാവസ്ഥ, ജലസമ്പത്ത്,വിനോദസഞ്ചാര മേഖല തൊഴില്‍,വ്യവസായം എന്നിങ്ങനെ കൊല്ലത്തെ അറിയാനുള്ള എല്ലാ വിവരങ്ങളും ഞൊടിയിടയില്‍ ടച്ച് സ്‌ക്രീന്‍ ഡിസ്പ്ലേയിലൂടെ വിരല്‍ തുമ്പില്‍ ലഭ്യമാവും. ക്വിസ് സോണ്‍ എന്ന പേരില്‍ കൊല്ലത്തെകുറിച്ചുള്ള അറിവ് പരിശോധിക്കുന്നതിനായി ടാബുകള്‍ സജ്ജമാക്കിയിട്ടുണ്ട് . ഫോണ്‍ നമ്പര്‍ എന്റര്‍ ചെയ്തു ശരിയുത്തരം രേഖപ്പെടുത്തി വിജയികളാകുന്നവര്‍ക്ക് നറുക്കെടുപ്പിലൂടെ ആകര്‍ഷണീയമായ സമ്മാനവും നല്‍കുന്നുണ്ട്.