- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വികസനങ്ങൾ എണ്ണി പറഞ്ഞ് കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് രാജിവച്ചു; പദവി ഒഴിഞ്ഞത് എൽഡിഎഫ് ധാരണ പ്രകാരം; മേയറും ഡെപ്യൂട്ടി മേയറുമില്ലാതെ കൊല്ലം കോർപറേഷൻ
കൊല്ലം: കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് രാജിവെച്ചു. തിങ്കളാഴ്ച ചേർന്ന കോർപറേഷൻ കൗൺസിൽ യോഗത്തിന് ശേഷമായിരുന്നു മേയറുടെ രാജിപ്രഖ്യാപനം. എൽഡിഎഫ് ധാരണ പ്രകാരമാണ് രാജി. അവസാന ഒരു വർഷം മേയർ സ്ഥാനം സിപിഐക്കെന്നായിരുന്നു മുന്നണിയിലെ ധാരണ. എന്നാൽ ഭരണത്തിൽ നാലുവർഷ കാലാവധി പൂർത്തിയാക്കിയിട്ടും പ്രസന്ന ഏണസ്റ്റ് മേയർ സ്ഥാനം ഒഴിഞ്ഞിരുന്നില്ല. ഇതേതുടർന്ന് സിപിഐ പ്രതിഷേധത്തിലായിരുന്നു. പലവട്ടം ഇക്കാര്യം മുന്നണിയിൽ ഉന്നയിച്ചിട്ടും പ്രസന്ന ഏണസ്റ്റ് രാജിക്ക് തയാറായിരുന്നില്ല.
ഇതോടെ ഡെപ്യൂട്ടി മേയർ സ്ഥാനവും രണ്ട് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങളും സിപിഐ രാജിവെച്ചിരുന്നു. ഫെബ്രുവരി അഞ്ചിനായിരുന്നു സ്ഥാനങ്ങൾ സിപിഐ അംഗങ്ങൾ രാജിവെച്ചത്. കഴിഞ്ഞ 5ന് സിപിഐ പ്രതിനിധിയായ ഡപ്യൂട്ടി മേയർ കൊല്ലം മധുവും പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ സജീവ് സോമൻ, വിദ്യാഭ്യാസ സ്ഥാരം സമിതി അധ്യക്ഷ സവിതാ ദേവി എന്നിവരും രാജിവച്ചിരുന്നു. അന്ന് തന്നെ ഫെബ്രുവരി പത്തിന് താൻ സ്ഥാനമൊഴിയുമെന്ന് പ്രസന്ന ഏണസ്റ്റ് വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരമാണ് ഇന്നത്തെ രാജി. വികസനങ്ങൾ എണ്ണി പറഞ്ഞാണ് പ്രസന്ന ഏണസ്റ്റ് രാജി പ്രഖ്യാപിച്ചത്.
കൊല്ലം മധുവും മറ്റു രണ്ടു കൗൺസിലർമാരും ഇന്നു നടന്ന കൗൺസിൽ യോഗത്തിലും പങ്കെടുത്തിരുന്നില്ല. കോർപറേഷനിൽ സിപിഎമ്മിന് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ട്. ആകെ 55 വാർഡുകളിൽ 28 ഇടത്ത് സിപിഎം പ്രതിനിധികളും 10 ഇടത്ത് സിപിഐ പ്രതിനിധികളുമാണ് കൗൺസിലർമാരായുള്ളത്. ഡപ്യൂട്ടി മേയർക്ക് പിന്നാലെ മേയറും രാജിവച്ചതോടെ കൊല്ലം കോർപറേഷന് നിലവിൽ മേയറും ഡപ്യൂട്ടി മേയറും ഇല്ലാത്തെയായി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയ്ക്കാണ് നിലവിൽ ഇരുവരുടെയും താൽക്കാലിക ചുമതല.