കൊച്ചി: കൂത്താട്ടുകുളം നഗരസഭയില്‍ ഇടതുപക്ഷത്തിന് തിരിച്ചടി. ഇടതു ഭരണസമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. സിപിഎം വിമത കല രാജുവും ഒരു സ്വതന്ത്രനും യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു.

ജനുവരിയില്‍ അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കാനിരിക്കെ കൗണ്‍സിലര്‍ കലാ രാജുവിനെ തട്ടിക്കൊണ്ടു പോയതടക്കമുള്ള നാടകീയ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. തുടര്‍ന്നാണ് അവിശ്വാസ പ്രമേയ ചര്‍ച്ച നടന്നത്. ഇത് എല്‍ഡിഎഫ് ചോദിച്ചു വാങ്ങിയ പരാജയമാണെന്നും ഇനി യുഡിഎഫിനൊപ്പമാണെന്നും കലാ രാജു മാധ്യമങ്ങളോട് പറഞ്ഞു. താന്‍ പ്രവര്‍ത്തിച്ച പാര്‍ട്ടി തന്നെ ചതിച്ചു. തനിക്ക് പാര്‍ട്ടി വിപ്പ് കിട്ടിയിട്ടില്ലെന്നും മനസാക്ഷിക്ക് അനുസരിച്ചാണ് വോട്ട് ചെയ്തതെന്നും കലാ രാജു കൂട്ടിച്ചേര്‍ത്തു.

അതേസമയം, അവിശ്വാസ പ്രമേയം പാസായതിന് പിന്നാലെ എല്‍ഡിഎഫ് അംഗങ്ങള്‍ പ്രതിഷേധം നടത്തി. ജനാധിപത്യത്തെ കശാപ്പ് ചെയ്തുവെന്നും പിന്നില്‍ കുതിരക്കച്ചവടവും സാമ്പത്തിക ഇടപാടും നടന്നിട്ടുണ്ടെന്നും എല്‍ഡിഎഫ് അംഗങ്ങള്‍ ആരോപിച്ചു.