തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പുലയ സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നില്ലെന്ന് ആരോപിച്ച് കേരള പുലയ മഹാസഭ (കെ.പി.എം.എസ്) രംഗത്ത്. കേരളത്തിലെ പട്ടികജാതി വിഭാഗത്തില്‍ 60% വരുന്ന സമുദായത്തെ രാഷ്ട്രീയ മുന്നണികള്‍ ബോധപൂര്‍വ്വം അവഗണിക്കുകയാണെന്ന് സംഘടന ആരോപിച്ചു.

കെ.പി.സി.സി ഭാരവാഹികളിലോ, ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തോ പുലയ സമുദായത്തില്‍ നിന്നുള്ളവരില്ല. ബ്ലോക്ക് പ്രസിഡന്റുമാരിലും പട്ടികജാതിക്കാര്‍ക്ക് അര്‍ഹമായ സ്ഥാനം ലഭിക്കുന്നില്ല. കൂടാതെ സംസ്ഥാന മന്ത്രിസഭയിലും അവഗണനയാണ്. കേരള മന്ത്രിസഭയില്‍ ആദ്യമായി ഒരു പട്ടികജാതിക്കാരനെപ്പോലും ഉള്‍പ്പെടുത്താത്ത സാഹചര്യം നിലവിലുണ്ടെന്ന് സംഘടന ആരോപിക്കുന്നു. കഴിഞ്ഞ 50 വര്‍ഷമായി പുലയ സമുദായത്തില്‍പ്പെട്ട ഒരാളെ മന്ത്രിയാക്കാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞിട്ടില്ലെന്നും കെ.പി.എം.എസ് ചൂണ്ടിക്കാട്ടി.

സി.പി.എം ജില്ലാ സെക്രട്ടറിമാരില്‍ ഒരാള്‍ പോലും പട്ടികജാതിക്കാരില്ലാത്തതും സമുദായം വിമര്‍ശനവിധേയമാക്കുന്നു. സംവരണ മണ്ഡലങ്ങളെ ഘടകകക്ഷികള്‍ക്ക് നല്‍കിയും, വനിതാ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കാനെന്ന പേരില്‍ കൂടുതല്‍ വനിതകളെ നിര്‍ത്തിയും സംവരണ മണ്ഡലങ്ങളെ ദുര്‍ബലപ്പെടുത്തുകയാണെന്ന് സംഘടന ആരോപിച്ചു.

ത്രികോണ മത്സരം നടക്കുന്ന കേരളത്തില്‍, പട്ടികജാതി വോട്ടുകള്‍ നിര്‍ണ്ണായകമാണെന്നും ആര് ജയിക്കണമെന്നും തോല്‍ക്കണമെന്നും തീരുമാനിക്കാന്‍ ദളിത് വിഭാഗങ്ങള്‍ക്ക് കരുത്തുണ്ടെന്നും ജനറല്‍ സെക്രട്ടറി പി.എം. വിനോദ് പ്രസ്താവനയില്‍ പറഞ്ഞു. കേന്ദ്രത്തില്‍ അധികാരം നഷ്ടപ്പെട്ടത് ദളിത്-പിന്നോക്ക വിഭാഗങ്ങളെ അവഗണിച്ചതുകൊണ്ടാണെന്ന രാഹുല്‍ ഗാന്ധിയുടെ തുറന്നുപറച്ചില്‍ കേരളത്തിലെ നേതാക്കളും ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി.