- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടി തോരണങ്ങൾ കെട്ടുന്നതിൽനിന്നും വൈദ്യുതി തൂണിനെ ഒഴിവാക്കുക, ആവേശം അപകടം വരുത്തും; ലോകക്കപ്പ് ജ്വരം പടർന്നു പിടിക്കുമ്പോൾ മുന്നറിയിപ്പുമായി വൈദ്യുതി മന്ത്രി
തിരുവനന്തപുരം: കേരളം മുഴുവൻ ഫുട്ബോൾ ജ്വരം പടർന്നു പിടിച്ചിരിക്കയാണ്. ഫ്ളക്സുകൾ വെച്ചു കൊണ്ട് നിരവധി യുവാക്കൾ രംഗത്തുണ്ട്. ആവേശത്തിൽ ഇത്തരം കാര്യങ്ങൽ ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്ന് പറഞ്ഞ് രംഗത്തുവന്നിരിക്കയാണ് മന്ത്രി കെ കൃഷ്ണൻകുട്ടി. കൊടിതോരണങ്ങൾ കെട്ടുന്നതിൽനിന്നും വൈദ്യുതി തൂണിനെ ഒഴിവാക്കണമെന്ന് മന്ത്രി അഭിയർഥിച്ചു. ഫുട്ബോൾ ആവേശത്തിൽ ചെയ്യുന്ന പ്രവൃത്തി അപകടം വിളിച്ചുവരുത്തുമെന്ന്, ചിത്രങ്ങൾ സഹിതം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ മന്ത്രി പറഞ്ഞു. ചൊവ്വ സെക്ഷൻ പരിധിയിൽ ഏഴര എന്ന സ്ഥലത്ത് ഫുട്ബാൾ പ്രേമികൾ നടത്തിയ അപകടകരമായ പ്രവൃത്തി കാരണമാണ് ഈ കുറിപ്പ് എഴുതേണ്ടി വന്നതെന്ന് മന്ത്രി പറഞ്ഞു.
ലോകം മുഴുവൻ ഒരു പന്തിന് പുറകെയാണ്. ഓരോ നാല് വർഷം കൂടുമ്പോഴും നമ്മളോരോരുത്തരേയും ആവേശം കൊള്ളിക്കാൻ സ്വർണ്ണത്തിളക്കവുമായി ഫുട്ബാൾ മാമാങ്കം കടന്ന് വരും. അന്നും അടുത്ത മാമാങ്കവും കാണാനും ആഘോഷിക്കാനും നിങ്ങളോരോരുത്തരും അവരുടെ കുടുംബാംഗങ്ങളും സന്തോഷത്തോടെ ഇവിടെ ഉണ്ടാവണം. അതിന് നിങ്ങൾ കാണിക്കുന്ന ആവേശം സുരക്ഷയുടെ അതിർവരമ്പുകൾ കടക്കാതെ ശ്രദ്ധിക്കണം. അല്ലെങ്കിൽ ലോകം മുഴുവൻ ആഘോഷിക്കുമ്പോൾ ആ ഫുട്ബാൾ മാമാങ്കം നിങ്ങളുടെ കുടുംബത്തിന് നിങ്ങളുടെ നഷ്ടത്തിന്റെയും വേദനയുടെയും ഓർമ്മപ്പെടുത്തൽ മാത്രമായി ഓരോ ലോകകപ്പും മാറും.
വൈദ്യുതി തൂണും ലൈനുകളും ലോകത്തിന് വെളിച്ചം കാട്ടാനും അത്ഭുതങ്ങൾ സൃഷ്ടിക്കാനും വേണ്ടി സൃഷ്ടിച്ചവയാണ്. അവയിൽ സുരക്ഷിതമല്ലാത്ത ഏതൊരു പ്രവൃത്തിയും അനധികൃതവും നിയമ വിരുദ്ധവും അതിലേറെ ആത്മഹത്യാപരവുമാണ്. സ്വയം മരണത്തിന് കീഴടങ്ങുകയോ അംഗവൈകല്യത്തിനോ ഇടയാവുന്ന ഇത്തരം പ്രവൃത്തികളിൽ ദയവായി ഏർപ്പെടാതിരിക്കുക.
തലനാരിഴക്ക് മാത്രമാണ് ഇവിടെ അപകടം ഒഴിവായത്. ഒരു നേർത്ത നനവ് ആ കയറിൽ ഉണ്ടായിരുന്നുവെങ്കിൽ ഒരു ദുരന്തം കുടുംബത്തെ അനാഥമാക്കുമായിരുന്നു. 230 വോൾട്ട് തന്നെ ഒരു ആനയുടെ ജീവനെടുക്കാൻ കെൽപ്പുള്ളതാണ് അവിടെയാണ് 11000 വോൾട്ടിൽ കൊടി കൊണ്ട് അഭ്യാസ പ്രകടനം നടത്തി ആവേശം വിഡ്ഢിത്തം കാട്ടിയത്- പോസ്റ്റിൽ പറയുന്നു.