- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോലീസ് ജീപ്പ് പെട്ടെന്ന് ബ്രേക്കിട്ടു; പിന്നാലെ വന്ന ബൈക്ക് ജീപ്പിൽ തട്ടി റോഡിലേക്ക് വീണു; കെഎസ്ആർടിസി ബസ് കയറിയിറങ്ങി കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. ആലുംകുഴി കുന്നുംപുറത്ത് വീട്ടിൽ നിഖിൽ (22) ആണ് മരിച്ചത്. ജനുവരി 29-ന് രാത്രി 7.30-ഓടെ ഇളവട്ടം റേഷൻകട ജംഗ്ഷനിലായിരുന്നു ദാരുണമായ സംഭവം. ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ നിഖിലിന്റെ ശരീരത്തിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങുകയായിരുന്നു. പോലീസ് ജീപ്പ് പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെത്തുടർന്നാണ് അപകടമുണ്ടായത്.
പാലോട് നിന്ന് നെടുമങ്ങാടേക്ക് പോവുകയായിരുന്ന പോലീസ് ജീപ്പ് ഇളവട്ടം റേഷൻകട ജംഗ്ഷനിൽ വെച്ച് അപ്രതീക്ഷിതമായി ബ്രേക്ക് ചെയ്തതാണ് അപകടത്തിന് കാരണമായത്. ജീപ്പിന് പിന്നിലായി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന നിഖിലിന്റെ വാഹനം നിയന്ത്രണം വിട്ട് പോലീസ് ജീപ്പിൽ തട്ടി. ഇതോടെ നിഖിൽ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അതേസമയം, നെടുമങ്ങാട് നിന്ന് കുളത്തൂപ്പുഴയ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് നിഖിലിന്റെ കാലുകളിലൂടെ കയറിയിറങ്ങി.
ഗുരുതരാവസ്ഥയിലായ നിഖിലിനെ പോലീസും നാട്ടുകാരും ചേർന്ന് ഉടൻതന്നെ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏകദേശം മൂന്നാഴ്ചയോളമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നിഖിലിന്റെ ആരോഗ്യനില പിന്നീട് വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.


