ആലപ്പുഴ: ഹരിപ്പാട് വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥരെ സംരക്ഷിച്ച് കെഎസ്ഇബിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. സ്റ്റേ വയര്‍ പൊട്ടിയതല്ലെന്നും ആരോ ഊരിയതാണെന്നുമാണ് കെഎസ്ഇബിയുടെ റിപ്പോര്‍ട്ട്. സംഭവത്തില്‍ പ്രതിഷേധവും ശക്തമാണ്.

പള്ളിപ്പാട് സ്വദേശി 64 കാരി സരള ഷോക്കേറ്റ് മരിച്ചതില്‍ കെഎസ്ഇബി വീഴ്ചയില്ലെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. സ്റ്റേ വയര്‍ പൊട്ടി വീണിട്ടും ഇടപ്പെട്ടില്ലെന്ന നാട്ടുകാരുടെ ആരോപണം കെഎസ്ഇബി തള്ളി. സ്റ്റേ വയര്‍ ആരോ മനഃപൂര്‍വം ഊരി വിട്ടെന്നാണ് വിശദീകരണം. സമഗ്ര അന്വേഷണത്തിന് ചീഫ് സേഫ്റ്റി കമ്മീഷണറെ നിയോഗിച്ചെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

കെഎസ്ഇബിയുടെ അനാസ്ഥയാണ് അപകട കാരണമെന്ന പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണ് നാട്ടുകാര്‍. പ്രതിഷേധവും വ്യാപകം. സരളക്കൊപ്പം, പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ശ്രീലതയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ശ്രീലതയെ രക്ഷിക്കുന്നതിനിടെയായിരുന്നു സരളയ്ക്കും ഷോക്കേറ്റത്.