പമ്പ: മകരവിളക്കിനോടനുബന്ധിച്ച് പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു. ആവശ്യമെങ്കില്‍ നൂറു ബസുകള്‍ കൂടി അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു. പമ്പയില്‍ നടത്തിയ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തുന്നതിനനുസരിച്ച് പമ്പ ഹില്‍ടോപ്പില്‍ പാര്‍ക്കിങ്ങിന് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തും. പരാതികള്‍ കുറഞ്ഞ ഒരു തീര്‍ഥാടന കാലമായിരുന്നു ഇത്തവണത്തേതെന്ന് മന്ത്രി പറഞ്ഞു. പമ്പയില്‍ വന്ന് അയ്യപ്പന്മാരുമായി സംസാരിച്ചിരുന്നു.

കെ. എസ്.ആര്‍.ടി.സി യുടെ സേവനങ്ങളില്‍ സംതൃപ്തരാണ് അയ്യപ്പന്മാര്‍ എന്ന് ബോധ്യപ്പെട്ടു. മികച്ച രീതിയില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടക്കുന്നത് നേരില്‍ കണ്ട് ബോധ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഇത്തവണ റോഡപകടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തില്ല എന്നതും ആശ്വാസകരമാണെന്ന് മന്ത്രി പറഞ്ഞു. റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ അടുത്ത സീസണില്‍ ഒരുക്കും.

പമ്പ ശ്രീരാമ സാകേതം ഹാളില്‍ നടന്ന അവലോകനയോഗത്തില്‍ ഗതാഗത വകുപ്പ് ജോയിന്റ് കമ്മീഷണര്‍ പ്രമോദ് ശങ്കര്‍, സ്പെഷ്യല്‍ ഓഫീസര്‍ ഡോ. അരുണ്‍ എസ്. നായര്‍ തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.