- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാടും മലയും താണ്ടിയുള്ള ആനവണ്ടിയിലെ യാത്ര സഞ്ചാരികൾക്ക് ഇഷ്ട്ടപ്പെട്ടു; കെഎസ്ആർടിസി യുടെ ഓണം ട്രിപ്പ് ക്ലിക്കായി; വരുമാനത്തിൽ വൻ കുതിപ്പ്; പൊടിപൊടിച്ച് ബഡ്ജറ്റ് ടൂറിസം
തിരുവനന്തപുരം: സാധാരണക്കാരെ ലക്ഷ്യമിട്ട് കെഎസ്ആർടിസി ആരംഭിച്ച ബഡ്ജറ്റ് ടൂറിസം പദ്ധതിക്ക് ഓണക്കാലത്ത് മികച്ച സ്വീകാര്യത. തിരുവനന്തപുരം ജില്ലയിൽ മാത്രം ഓണം അവധിക്കാലയളവിൽ 25 ലക്ഷം രൂപയുടെ വരുമാനമാണ് ഉല്ലാസയാത്രകളിലൂടെ കെഎസ്ആർടിസി നേടിയെടുത്തത്. സെപ്റ്റംബർ 1 മുതൽ 7 വരെയുള്ള കണക്കുകൾ പ്രകാരം 40ഓളം ട്രിപ്പുകളാണ് വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വിജയകരമായി പൂർത്തിയാക്കിയത്.
സഞ്ചാരികളുടെ ആവശ്യത്തിനനുസരിച്ച് ടൂറിസം പാക്കേജുകൾ തയ്യാറാക്കുന്നതിൽ കെഎസ്ആർടിസി ശ്രദ്ധ ചെലുത്തുന്നുണ്ട്. സൂര്യകാന്തി പൂക്കളുടെ സീസണിനോടനുബന്ധിച്ച് സുന്ദരപാണ്ഡ്യപുരത്തേക്ക് നടത്തിയ പ്രത്യേക സർവീസുകൾക്ക് വലിയ വരുമാനം നേടാനായി. റിസോർട്ട് ടൂറിസത്തിന്റെ ഭാഗമായി കാസർഗോഡ് പൊളിയംതുരുത്തിലേക്കുള്ള പാക്കേജും അടുത്തിടെ പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതൽ ആവശ്യക്കാർ ഗവി, മൂന്നാർ, വാഗമൺ ട്രിപ്പുകൾക്കാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കൂടാതെ, കോട്ടയം മലരിക്കൽ ആമ്പൽ വസന്തം കാണുന്നതിനും ജില്ലയിൽ നിന്നും നിരവധി സർവീസുകൾ നടത്തിയിരുന്നു. കെഎസ്ആർടിസി ഡിപ്പോകളിൽ നിന്ന് ബസിൽ യാത്രക്കാരെ കൊച്ചി ബോൾഗാട്ടിയിലെത്തിച്ച് അവിടെ നിന്ന് ഉൾക്കടലിലേക്ക് നെഫർടിറ്റി ആഡംബര കപ്പൽ യാത്രയും ഒരുക്കുന്നുണ്ട്. 2022ൽ ആരംഭിച്ച ഈ പാക്കേജിലൂടെ ഇതുവരെ 20,000ത്തോളം സഞ്ചാരികൾ യാത്ര നടത്തിയിട്ടുണ്ട്.
ഗവി, മൂന്നാർ, വാഗമൺ, സുന്ദരപാണ്ഡ്യപുരം, മലരിക്കൽ, പൊളിയംതുരുത്ത് എന്നിവ കൂടാതെ നെഫർടിറ്റി കപ്പൽ യാത്ര, സിറ്റി ഡബിൾ ഡെക്കർ, പൊന്മുടി എന്നിവിടങ്ങളിലേക്കുള്ള യാത്രകളും ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായുണ്ട്. മൂകാംബിക, കൊട്ടിയൂർ, ശബരിമല, ഗുരുവായൂർ തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്കും സീസൺ അനുസരിച്ച് പ്രത്യേക സർവീസുകൾ ലഭ്യമാക്കുന്നു.