ഓയൂര്‍: കൊട്ടറ മീയ്യണ്ണൂരില്‍ കെഎസ്ആർടിസി ബസ് അപകടത്തിന് കാരണം വാഹനത്തിന്റെ ആക്സിൽ ഒടിഞ്ഞതിനാലാണെന്ന് ബസ് ഡ്രൈവർ. എഴുപത് യാത്രക്കാരുണ്ടായിരുന്ന ബസ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തിൽ 45-ലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. കൊല്ലത്ത് നിന്നും കുളത്തൂപ്പുഴക്ക് പോവുകയായിരുന്ന ബസ് വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് അപകടത്തിൽപ്പെട്ടത്. മീയ്യണ്ണൂര്‍ ജങ്ഷനടുത്തുള്ള ഗ്യാസ് ഏജന്‍സിക്ക് സമീപത്തെ വീടിന്റെ മതിലും ഗേറ്റും തകര്‍ത്ത് റോഡിന് കുറുകേ ബസ് മറിയുകയായിരുന്നു.

മറിഞ്ഞ ബസിന്റെ ടയറുകള്‍ തേഞ്ഞനിലയിലായിരുന്നു. ഏറെ പഴക്കമുള്ള വാഹനമായിരുന്നിട്ടും കിഴക്കന്‍ മേഖലയിലേക്ക് ലിമിറ്റഡ് സ്റ്റോപ്പായി ബസ് ദീര്‍ഘദൂര സര്‍വീസ് നടത്തിയിരുന്നു. കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ അപകടകാരണം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളു. അപകടത്തില്‍പ്പെട്ട ബസിന് നിലവില്‍ ഇന്‍ഷുറന്‍സില്ല. ഇന്‍ഷുറന്‍സില്ലെങ്കിലും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് ടെസ്റ്റ് പാസാക്കി ഓടാന്‍ അനുമതി നല്‍കാമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബസ് സര്‍വീസ് നടത്തിയിരുന്നതെന്നാണ് വിവരം.