ബെംഗളൂരു: കെഎസ്ആർടിസിയുടെ പുതിയതായി നിർമ്മിച്ച എസി സ്ലീപ്പർ ബസ് ബെംഗളൂരുവിലെ പ്രകാശ് ബോഡി വർക്സ് ഷോപ്പിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഡെലിവറിക്ക് കൊണ്ടുവരുന്നതിനിടെ തമിഴ്നാട്ടിൽ അപകടത്തിൽപ്പെട്ടു. ഹൊസൂരിന് സമീപമാണ് സംഭവം. ത്രിവർണ പതാകയുടെ നിറത്തിലും കഥകളി ഗ്രാഫിക്സിലും ഒരുക്കിയ ബസ്, മുന്നിൽ സഞ്ചരിച്ചിരുന്ന ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബസിന് പിന്നിൽ മറ്റൊരു ലോറിയും ഇടിച്ചതായി റിപ്പോർട്ടുകളുണ്ട്.

അശോക് ലെയ്‌ലാൻഡിന്റെ 13.5 മീറ്റർ നീളമുള്ള ഗരുഡ് ഷാസിയിൽ ക്യാപെല്ല ബോഡിയിലാണ് ഈ ബസ് നിർമ്മിച്ചിരിക്കുന്നത്. കെഎസ്ആർടിസിക്കായി ആകെ 143 പുതിയ ബസുകളാണ് വിവിധ സർവീസുകൾക്കായി വാങ്ങിയിട്ടുള്ളത്. ഇവയിൽ ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ്, പ്രീമിയം സീറ്റർ, സ്ലീപ്പർ, സീറ്റർ കം സ്ലീപ്പർ, ഓർഡിനറി എന്നിങ്ങനെ വിവിധ വിഭാഗങ്ങൾ ഉൾപ്പെടുന്നു.

ടാറ്റ, അശോക് ലെയ്‌ലാൻഡ്, ഐഷർ തുടങ്ങിയ നിർമ്മാതാക്കളിൽ നിന്നുള്ള ബസുകൾക്കൊപ്പം, അന്തർസംസ്ഥാന സർവീസുകൾക്കായി വോൾവോയുടെ ആഡംബര മൾട്ടി-ആക്സിൽ മോഡലുകളും കെഎസ്ആർടിസിക്ക് ലഭ്യമായിട്ടുണ്ട്. അടുത്തിടെ ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ് ബസുകൾ ടാറ്റയിൽ നിന്നും മറ്റു ബസുകൾ അശോക് ലെയ്‌ലാൻഡ്, ഐഷർ എന്നിവരിൽ നിന്നുമാണ് എത്തിയത്.