തിരുവനന്തപുരം: ഹൈക്കോടതി കീം പരീക്ഷാ ഫലം റദ്ദാക്കിയതില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കെ.എസ്.യു. വിദ്യാര്‍ത്ഥികളുടെ ഭാവി വെച്ച് പരീക്ഷണങ്ങള്‍ നടത്തുന്ന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. പ്രവേശന പരീക്ഷക്ക് ശേഷം പരീക്ഷാ മാനദണ്ഡങ്ങള്‍ക്ക് മാറ്റം വരുത്തിയതാണ് സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിക്കു കാരണം.കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് മാര്‍ക്ക് ഏകീകരണം സംബന്ധിച്ച ഉത്തരവിറങ്ങിയത്.

കൃത്യമായ കൂടിയാലോചനകളും, പഠനങ്ങളും നടത്താതെ സര്‍ക്കാര്‍ കൈകൊള്ളുന്ന അപക്വമായ തീരുമാനങ്ങള്‍ സാധാരണക്കാരായ വിദ്യാര്‍ത്ഥികളുടെ ഭാവിയെയാണ് ബാധിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയെ തച്ചുതകര്‍ക്കുക എന്നത് സര്‍ക്കാര്‍ അജണ്ടയാണ്. അന്യ സംസ്ഥാന വിദ്യാഭ്യാസ ലോബികളുമായുള്ള ഡീലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ചെയ്തികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. വിമര്‍ശനങ്ങളെ വിവാദങ്ങള്‍ കൊണ്ടാണ് സര്‍ക്കാര്‍ പ്രതിരോധിക്കുന്നതെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ കുറ്റപ്പെടുത്തി.