കണ്ണൂര്‍: തോട്ടട ഐടിഐയില്‍ നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചു കെ എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ നേതൃത്വത്തില്‍ നടന്ന സിറ്റി പൊലിസ് കമ്മിഷണര്‍ ഓഫീസ് മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം. ബാരിക്കേഡിന് മുകളില്‍ കയറിയും അടിഭാഗം ഉയര്‍ത്താന്‍ ശ്രമിക്കുകയും ചെയ്ത പ്രവര്‍ത്തകര്‍ക്കെതി രെ വരുണ്‍ ജലപീരങ്കി പലവട്ടം പ്രയോഗിച്ചു. വരുണിന് നേരെയും ബാരിക്കേഡിന് മറുപുറം നിന്ന പൊലിസുകാര്‍ക്കെതിരെയും പൈപ്പും കൊടി കെട്ടിയ പൈപ്പും വലിച്ചെറിഞ്ഞു.

ഇതിനു ശേഷം പൊലിസ് ക്‌ളബ്ബിന് മുന്‍പിലെ വാഹനഗതാഗതം ഉപരോധിച്ചതിന് ശേഷമാണ് പ്രവര്‍ത്തകര്‍ പൊലിസിനെതിരെ മുദ്രാവാക്യം വിളികളുമായി മടങ്ങിയത് തോട്ടട ഐ.ടി.ഐയിലെഅക്രമത്തിന് നേതൃത്വം കൊടുത്ത മുഴുവന്‍ എസ് എഫ് ഐ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ എസ് യു സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരമാണ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് തിങ്കളാഴ്ച്ച പകല്‍ 12.30 ഓടെ മാര്‍ച്ച് നടത്തിയത്. കണ്ണൂര്‍ ഡി.സി സി ഓഫീസില്‍ നിന്നും തുടങ്ങിയ പ്രതിഷേധ മാര്‍ച്ച് കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷനു മുന്‍പില്‍ നിന്നും ബാരിക്കേഡ് ഉയര്‍ത്തി പൊലിസ് തടയുകയായിരുന്നു.

സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, വൈസ് പ്രസിഡണ്ടുമാരായ പി മുഹമ്മദ് ഷമ്മാസ്, ആന്‍സെബാസ്റ്റ്യന്‍,കെ എസ് യു ജില്ലാ പ്രസിഡണ്ടുമാരായ എം സി അതുല്‍, അന്‍ഷിദ് വി കെ, സൂരജ് വി ടി ,സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി, അര്‍ജുന്‍ കറ്റയാട്ട്, ആസിഫ് മുഹമ്മദ്, മിവ ജോളി, റനീഫ്, ആദര്‍ശ് മാങ്ങാട്ടിടം, ആകാശ് ഭാസ്‌കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മാര്‍ച്ചിനെ നേരിടാന്‍ വളപട്ടണം എഎസ്പി ബി കാര്‍ത്തികിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചത്. ടൗണ്‍ പോലീസ് സ്റ്റേഷനു മുന്നില്‍ ബാരിക്കേഡ് കെട്ടി മാര്‍ച്ച് തടഞ്ഞു ഇതേ തുടര്‍ന്ന് ഉദ്ഘാടനത്തിന് ശേഷം ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗവും ബലപ്രയോഗവും നടന്നത്. തോട്ടട ഐ.ടി.ഐയില്‍ കെ.എസ്.യു നേതാക്കളെയും പ്രവര്‍ത്തകരെയും മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടിയെടുക്കാത്ത ഭരിക്കുന്നവര്‍ക്ക് ഒത്താശ ചെയ്യുന്ന പൊലിസിനെതിരെ പ്രതിഷേധം ഇനിയും ശക്തമാക്കുമെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട തോട്ടട ഐ.ടി.ഐചൊവ്വാഴ്ച്ച തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍വകക്ഷി സമാധാന യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.