കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ കരിവെള്ളൂരില്‍ യുവതിയായ മകളെ വെട്ടിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ പിതാവ് അറസ്റ്റില്‍. കരിവെള്ളൂരിലാണ് കുടുംബ വഴക്കിനിടെ 22 വയസുകാരിയെ പിതാവ് വാള്‍ കൊണ്ട് വെട്ടി കൊല്ലാന്‍ ശ്രമിച്ചത്.

കരിവെള്ളൂര്‍ സ്വദേശി കെ.വി. ശശിയെയാ (59) പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബ വഴക്കിനിടെഅമ്മയെ ഉപദ്രവിച്ചത് മകള്‍ ചോദ്യം ചെയ്തതാണ് ശശിയെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം. പരിക്കേറ്റ അമ്മയും മകളും ചികിത്സ തേടി. മദ്യപാനിയായ ശശി വീട്ടില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുമായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒന്‍പതു മണിയോടെ ഇവരുടെ വീട്ടിലുണ്ടായ വഴക്ക് ദമ്പതികള്‍ തമ്മിലുള്ള കയ്യാങ്കളിയിലേക്കെത്തി. ഇതിനിടയില്‍ ഭാര്യയെ ശശി മര്‍ദിച്ചു. ഇത് തടയാനെത്തിയ 22 വയസുകാരിയായ മകളെയാണ് ശശി വീട്ടിലുണ്ടായിരുന്ന വാള്‍ കൊണ്ട് വെട്ടാന്‍ ശ്രമിച്ചത്.

കഴുത്തിന് നേരെയാണ് ഇയാള്‍ ആയുധം വീശിയത്. തലനാരിഴയ്ക്കാണ് മകള്‍ ഒഴിഞ്ഞു മാറിയതിനാല്‍രക്ഷപ്പെട്ടത്. അതിനാല്‍ചെറിയ പോറല്‍ മാത്രമേ ഏറ്റിട്ടുള്ളു. തുടര്‍ന്ന് ശശി മകളെയും ഭാര്യയെയും മര്‍ദിക്കുകയായിരുന്നു. അമ്മയും മകളും കരിവെളളൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇതിനു ശേഷം വീട്ടില്‍ നിന്നും മുങ്ങിയ പ്രതി ശശിയെ വധശ്രമ കേസ് ചുമത്തി പയ്യന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സ്ഥിരം മദ്യപാനിയായ ശശി വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. നേരത്തെയും ഇയാള്‍ ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കുടുംബത്തില്‍ കയറി പ്രശ്‌നമുണ്ടാക്കിയിരുന്നു.