തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് തണലൊരുക്കാന്‍ തന്റെ പേരിലുള്ള ഭൂമി വിട്ടു നല്‍കി യുവതി. വയനാട് കോട്ടത്തറ സ്വദേശി അജിഷ ഹരിദാസും, ഭര്‍ത്താവ് ഹരിദാസുമാണ് 20 സെന്റ് സ്ഥലം വിട്ടുനല്‍കിയത്. ഭൂമിയുടെ രേഖ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

നിലവില്‍ തൃശൂര്‍ കെ.എസ്.എഫ്.ഇ ഈവനിംഗ് ബ്രാഞ്ചില്‍ സ്‌പെഷ്യല്‍ ഗ്രേഡ് അസിസ്റ്റന്റ് ആയി ജോലിചെയ്തു വരികയാണ് അജിഷ. കര്‍ഷക കുടുംബത്തില്‍ ജനിച്ച അജിഷയുടെ അച്ഛന്‍ ജയചന്ദ്രനും അമ്മ ഉഷ കുമാരിക്കും വീടുവെക്കുന്നതിനായി 2009 ല്‍ വയനാട് കമ്പളക്കാട് വാങ്ങിയ 20 സെന്റ് സ്ഥലമാണ് ദുരിതബാധിതര്‍ക്ക് വീട് വെക്കാനായി സര്‍ക്കാരിലേക്ക് വിട്ടു നല്‍കിയത്.

അച്ഛനും അമ്മയും സഹോദരന്റെ വീട്ടില്‍ സുരക്ഷിതരായതുകൊണ്ടാണ് ഒരു രാത്രി പുലരവേ വയനാട്ടില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി തന്റെ പേരിലുള്ള ഭൂമി നല്‍കാം എന്ന തീരുമാനത്തിലേക്കെത്തിയതെന്ന് അജിഷയും ഭര്‍ത്താവ് ഹരിദാസും പറഞ്ഞു.