കാസര്‍കോട്: എല്‍.ഡി.സി. റാങ്ക് പട്ടികയുടെ കാലാവധി തീരാന്‍ ഇനി കഷ്ടിച്ച് 10 മാസം മാത്രം. എന്നാല്‍ നിയമനം ഇഴയുന്നു. മുന്‍ റാങ്ക് പട്ടികയില്‍നിന്ന് ആകെ 12,069 പേരെ നിയമിച്ചപ്പോള്‍ ഓഗസ്റ്റ് 31 വരെയുള്ള കണക്കുപ്രകാരം ഇപ്പോഴത്തെ പട്ടികയില്‍ നിയമനം ലഭിച്ചത് 5402 പേര്‍ക്ക് മാത്രം. ആകെ 23,568 പേരുള്ള റാങ്ക് പട്ടികയുടെ 22.92 ശതമാനമാണിത്.

ശതമാനക്കണക്കില്‍ ഏറ്റവും കുറവ് നിയമനം നടന്നത് കാസര്‍കോട് ജില്ലയിലാണ്. 1604 പേര്‍ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ ഇതുവരെ നിയമനമായത് 172 പേര്‍ക്കാണ്- 16.16 ശതമാനം. പിന്നാക്കജില്ലയായ കാസര്‍കോട് സര്‍ക്കാര്‍ ഓഫീസുകളില്‍ ആളില്ലാക്കസേരകള്‍ നിരന്നുകിടക്കവേയാണ് ക്ലാര്‍ക്ക് നിയമനത്തിലെ മെല്ലെപ്പോക്ക്. എട്ട് ജില്ലകളില്‍ നിയമനനില 20-നും 25 ശതമാനത്തിനും ഇടയിലാണ്. നിയമന ശുപാര്‍ശയും നിയമനം നേടിയവരുടെ എണ്ണവും കണക്കാക്കുമ്പോള്‍ കൂടുതല്‍ പേര്‍ ജോലിയില്‍ പ്രവേശിച്ചത് വയനാട് ജില്ലയിലാണ്. 30.38 ശതമാനം. 678 പേരുടെ പട്ടികയില്‍ 206 പേര്‍ നിയമനം നേടി.

നേരത്തേയുള്ള റാങ്ക് പട്ടിക കോവിഡ് കാരണം 2021 ഓഗസ്റ്റ് വരെ നീട്ടിയിരുന്നു. 2022 ഓഗസ്റ്റിലാണ് പുതിയ പട്ടിക നിലവില്‍ വന്നത്. സ്വഭാവികമായും ഒരുവര്‍ഷത്തെ ഇടവേളയില്‍ വന്ന ഒഴിവുകള്‍ കണക്കാക്കിയാല്‍ കൂടുതല്‍ നിയമനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിടത്താണ് മെല്ലെപ്പോക്കെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു.

എല്‍.ഡി.സി. നിയമനനില (2024 ഓഗസ്റ്റ് 31 വരെ)

ജില്ല, മുന്‍പട്ടികയിലെ നിയമനം, പുതിയ റാങ്ക് പട്ടികയിലെ എണ്ണം, നിയമനം നേടിയവര്‍, ശതമാനം ക്രമത്തില്‍

തിരുവനന്തപുരം 1430 2605 601 23.07

കൊല്ലം 827 1602 361 22.53

പത്തനംതിട്ട 576 1083 297 27.42

ആലപ്പുഴ 697 1390 350 25.17

കോട്ടയം 860 1686 346 20.52

ഇടുക്കി 587 1252 293 23.40

എറണാകുളം 1164 2308 569 24.65

തൃശൂര്‍ 1067 2080 484 23.26

പാലക്കാട് 969 1886 389 20.62

മലപ്പുറം 1016 2012 508 25.24

കോഴിക്കോട് 1002 1979 430 21.72

വയനാട് 358 678 206 30.38

കണ്ണൂര്‍ 983 1943 396 20.38

കാസര്‍കോട് 533 1064 172 16.16