മേപ്പാടി: വയനാട് ജില്ലയിലെ മേപ്പാടി നെടുമ്പാലയില്‍ വേലിയില്‍ കുടുങ്ങിയ പുലിയെ മയക്കു വെടിവെച്ചു വലയിലാക്കി. മയങ്ങിയ പുലിയെ കൂട്ടിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മയക്കു വെടിയേറ്റ പുലി മയങ്ങിക്കിടക്കുകയാണ്. എഴുന്നേറ്റാല്‍ പ്രശ്‌നമുണ്ടാകാത്ത രീതിയില്‍ വലയില്‍ ചുറ്റിയിരിക്കുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയെ. പുലിയുടെ കാലിനേറ്റ പരിക്ക് വിലയിരുത്തിയായിരിക്കും കാട്ടിലേക്ക് തുറന്നുവിടുക.

നെടുമ്പാല മൂന്നാംനമ്പര്‍ എസ്റ്റേറ്റിലാണ് പുലി കുടുങ്ങിയത്. വേലിയില്‍ കുടുങ്ങി പരിക്കേറ്റ നിലയിലാണ് പുലിയെ കണ്ടെത്തിയത്. പലതവണ എസ്റ്റേറ്റിനോട് ചേര്‍ന്ന ജനവാസമേഖലയില്‍ പുലിയുടെ സാന്നിധ്യം കണ്ടിരുന്നു. തുടര്‍ന്ന് വലിയ ആശങ്കയിലായിരുന്നു ജനങ്ങള്‍.

രാവിലെ ഒമ്പതുമണിയോടെയാണ് കമ്പിവേലിയില്‍ കൈകാലുകള്‍ കുടുങ്ങിയ നിലയില്‍ പുലിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പുലിയെ മയക്കുവെടി വെക്കുകയായിരുന്നു. മയക്കം വിടുന്നതിന് മുമ്പ് പുലിയെ സുരക്ഷിതമായി കൂട്ടിലേക്ക് മാറ്റാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.