ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ ലൈഫ് ഭവനപദ്ധതി ഗുണഭോക്താവ് ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ വി.ഇ.ഒ. മാർക്ക് പെരുമാറ്റച്ചട്ടമേർപ്പെടുത്തി ഗ്രാമപ്പഞ്ചായത്തു സമിതി. വി.ഇ.ഒ.മാരുടെ കടുത്ത മാനസിക പീഡനത്തെ തുടർന്നാണ് വയോധികൻ ആത്മഹത്യചെയ്തതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്.

ഗുണഭോക്താവിനോട് ഇരുവരുടെയും ഭാഗത്തുനിന്നു വളരെ മോശമായ പെരുമാറ്റമുണ്ടായതായി പോലീസിന്റെ പ്രാഥമിക അന്വേഷണത്തിലും കണ്ടെത്തിയതായാണ് വിവരങ്ങൾ ലഭിക്കുന്നത്. ഇക്കാര്യങ്ങൾ പഞ്ചായത്തുകമ്മിറ്റി പരിശോധിക്കുകയും ചെയ്തു. ഇവരെ സ്ഥലംമാറ്റുന്നതിനോ മറ്റോ അധികാരമില്ല. അത് ബ്ലോക്ക് പഞ്ചായത്താണ് സ്വീകരിക്കേണ്ടത്.

പക്ഷെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ഇവരുടെ ഓഫീസ് മുകളിൽനിന്നു താഴത്തേക്കു മാറ്റി. പ്രതിദിന പ്രവർത്തനങ്ങൾ സെക്രട്ടറിയെ അറിയിക്കണമെന്നു നിർദേശിക്കുകയും ചെയ്തു. രണ്ടുദ്യോഗസ്ഥരും ഒന്നിച്ചാണ് എല്ലാ പ്രവർത്തനങ്ങളും നടത്തുന്നത്. ഇതു മാറ്റി ഇരുവർക്കും പ്രത്യേക മേഖലകളാക്കി തിരിച്ച് വെവ്വേറെ പ്രവർത്തിക്കാനും നിർദേശിക്കുകയും ചെയ്തിട്ടുണ്ട്.

എല്ലാ ഉദ്യോഗസ്ഥരും എല്ലാ ഫയലുകളിലും അടിയന്തരമായി നടപടികൾ എടുക്കാനും നിർദേശം നൽകിയിട്ടുണ്ട്. പട്ടണക്കാട് ഗ്രാമപ്പഞ്ചായത്ത് 11-ാം വാർഡ് മേനാശ്ശേരി ചൂപ്രത്ത് സിദ്ധാർഥനാ(74)ണ് കഴിഞ്ഞദിവസം കടുത്ത മാനസിക പീഡനത്തെ തുടർന്ന് ജീവനൊടുക്കിയത്.

സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി പട്ടണക്കാട് ഗ്രാമപ്പഞ്ചായത്ത് സബ് കമ്മിറ്റിക്കു രൂപം നൽകുകയും ചെയ്തിട്ടുണ്ട്. ആരോപണ വിധേയരായ വി.ഇ.ഒ. മാരിൽനിന്ന് കമ്മിറ്റി വിശദീകരണം തേടിയിട്ടുണ്ട്. അടുത്ത പഞ്ചായത്തു കമ്മിറ്റിയിൽ വിഷയം ചർച്ചചെയ്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ടി.എസ്. ജാസ്മിൻ വ്യക്തമാക്കി.