പാല: ഇടിമിന്നലേറ്റ് സഹോദരങ്ങൾക്ക് പരിക്ക്. കോട്ടയം പാലായിലാണ് സംഭവം നടന്നത്. ആണ്ടൂർ സ്വദേശികളായ സഹോദരങ്ങൾ ആൻ മരിയ (22) ആൻഡ്രൂസ് (17) എന്നിവർക്കാണ് പരിക്കേറ്റത്. ആൻമരിയയേയും ആൻഡ്രൂസിനേയും ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ വീട്ടിൽ വെച്ച് തന്നെയായിരിന്നു ഇടിമിന്നലേറ്റത്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് മുതൽ അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. 25-ാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലേറ്റ് അപകടങ്ങൾ കൂടുന്നതിനാൽ ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.