കൊല്ലം: സ്‌കൂട്ടറില്‍ കറങ്ങി നടന്ന് മദ്യവില്‍പ്പന നടത്തിയാളെ എക്‌സൈ് പിടികൂടി. 19.625 വിദേശ നിര്‍മിത മദ്യവുമായി ഇയാളെ വീട്ടില്‍ നിന്നുമാണ് പിടികൂടുന്നത്. പോരുവഴി സ്വദേശി കൃഷ്ണകുമാര്‍ (37 വയസ്) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും നിരോധിത പുകയില ഉല്‍പ്പനങ്ങളും കണ്ടെത്തി. നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കൈവശം വെച്ചതിന് പിഴയും ഈടാക്കി.

ശാസ്താംകോട്ട എക്‌സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എന്‍.അബ്ദുള്‍ വഹാബിന്റെ നേതൃത്വത്തില്‍ എക്‌സൈസ് സംഘം ഇയാളെ പിടികൂടാനായി വീട്ടില്‍ എത്തുകയായിരുന്നു. എക്‌സൈസ് സംഘത്തെ കണ്ട ഉടനെ കൃഷ്ണകുമാര്‍ വീടിനകത്ത് കയറി വാതില്‍ അടച്ച് അകത്തിരുന്നു. ഇതിനിടെ വീടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന്റെ ബോക്‌സ് പരിശോധിച്ചപ്പോള്‍ മദ്യം കണ്ടെത്തി. വാതില്‍ തുറക്കാന്‍ തയ്യാറാവാതിരുന്നതോടെ എക്‌സൈസ് സംഘം വാതില്‍ പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. വീട്ടില്‍ നിന്ന് 19.625 ലിറ്റര്‍ മദ്യവും നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു. അനധികൃത മദ്യ വില്‍പ്പന നടത്താന്‍ ഉപയോഗിച്ചിരുന്ന സ്‌കൂട്ടറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) വിനോദ് ശിവറാം, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) വി.ഗോപന്‍, പ്രിവന്റീവ് ഓഫീസര്‍ മനൂ.കെ.മണി, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) ജോണ്‍.പി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിഷാദ് എം, എസ്.സുജിത് കുമാര്‍, ഗോപകുമാര്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷീബ എസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ വിനീഷ് വി.ജി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.