മലപ്പുറം: സ്‌കൂള്‍ വാനില്‍ നിന്നിറങ്ങിയ എല്‍കെജി വിദ്യാര്‍ഥി അതേ വാന്‍ തട്ടി മരിച്ചു. വണ്ടി പിന്നോട്ടെടുക്കുന്നതിനിടെ പിന്നീലൂടെ പോയ കുട്ടിയുടെ ദേഹത്ത് ഇടിക്കുക ആയിരുന്നു. ഉത്തര്‍പ്രദേശ് കാശ്ഗഞ്ച് ജില്ലയിലെ ഗജരുന്ധ്വാല ഗണേഷ്പുരിലെ ദിലീപ് രാഗിണി ദമ്പതികളുടെ മകന്‍ ശിവകാന്ത് (നാലര) ആണു താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിനു സമീപം മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സ്വദേശത്തേക്കു കൊണ്ടുപോയി.

മുട്ടിപ്പാലം എഎംഎല്‍പി സ്‌കൂള്‍ എല്‍കെജി വിദ്യാര്‍ഥിയാണ്. ഇന്നലെ വൈകിട്ട് 3.45ന് മുട്ടിപ്പാലം അയനിക്കുണ്ടിലാണ് അപകടം. വിദ്യാര്‍ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ സ്‌കൂളില്‍ കൊണ്ടുപോകുന്ന വാഹനമാണ് ഇടിച്ചത്. വാനില്‍ നിന്ന് ഇറങ്ങിയ ശിവകാന്ത് വാഹനത്തിന്റെ പിറകിലൂടെയും മറ്റൊരു കുട്ടി മുന്‍പിലൂടെയും നടന്നുനീങ്ങി. ഇതിനിടെ പിന്നോട്ടെടുത്ത വാഹനം തട്ടി ശിവകാന്ത് റോഡില്‍ തലയിടിച്ചു വീഴുകയായിരുന്നു.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മുട്ടിപ്പാലത്തെ പ്ലൈവുഡ് കടയിലെ ഗ്ലാസ് കട്ടറായ ദിലീപ് 6 വര്‍ഷമായി അയനിക്കുണ്ടിലെ ക്വാര്‍ട്ടേഴ്‌സിലാണു താമസം. സഹോദരി: അനന്യ.