തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിനിനു മുന്നിൽ പെട്ട ആളിനെ ലോക്കോ പൈലറ്റ് വളരെ അത്ഭുതകരമായി രക്ഷിച്ചു. കേരള- തമിഴ്നാട് അതിർത്തിയിൽ പാറശ്ശാലയ്ക്കും കളിയക്കാവിളക്കും ഇടയിലായിരുന്നു സംഭവം നടന്നത്. ഓടിക്കൊണ്ടിരുന്ന ട്രെയിനിനു നേരെ റെയിൽവെ ട്രാക്കിലൂടെ നടന്നുവരികയായിരുന്നു ഒരു മധ്യവയസകൻ.

ഇയാളെ ദൂരെ നിന്നു തന്നെ കണ്ട ലോക്കോ പൈലറ്റ് ഹോൺ അടിച്ചു ആളെ മാറ്റാൻ നോക്കിയെങ്കിലും ഇയാൾ ട്രാക്കിൽ നിന്നും പിന്മാറാൻ തയ്യാറാകാതെ ട്രയിനിനു നേരെ തന്നെ നടന്നു വരുകയായിരുന്നു.

ഉടനെ തന്നെ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് സംവിധാനം ഉപയോഗിച്ച് ട്രെയിൻ നിറുത്തുകയും ചെയ്തു. ഇയാളുടെ തൊട്ടടുത്ത് എത്തി ട്രെയിൻ നിന്നെങ്കിലും ട്രെയിനിനു മുന്നിലെ ഗ്രിൽ ആളിന്റെ ദേഹത്തു തട്ടിയതിൽ പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്.

ഈ ഇടിയുടെ ആഘാതത്തിൽ മധ്യവയസ്കൻ ട്രെയിനിന്റെ മുൻവശത്തെ ഗ്രില്ലിന് ഉള്ളിൽ കുടുങ്ങി. തുടർന്ന് യാത്രക്കാരും, പോലീസും ചേർന്ന് ആളിനെ പുറത്തെടുത്തു. പിന്നാലെ പരിക്കുകളോടെ ഇദ്ദേഹത്തെ പാറശ്ശാലയിലെ സർകാർ ആശുപത്രിയിൽ എത്തിച്ചു.

തിരുവനന്തപുരം നെടുവാൻവിള സ്വദേശിയാണ് സംഭവുമായി ബന്ധപ്പെട്ട് അപകടത്തിൽ പെട്ടത്. ആത്മഹത്യാ ശ്രമമാണോ എന്ന കാര്യവും പോലീസ് അന്വേഷിച്ചു വരുന്നുണ്ട്.