മംഗളൂരു: മംഗളൂരുവിനടുത്ത് കാപു ടൗൺ മുനിസിപ്പാലിറ്റി പരിധിയിലെ ദേശീയപാതയോരത്ത് മാലിന്യം തള്ളിയ ആന്ധ്രാപ്രദേശ് സ്വദേശിയായ ലോറി ഡ്രൈവർക്ക് പോലീസിന്റെയും നഗരസഭയുടെയും ശക്തമായ നടപടി.

ഉഡുപ്പിയിലേക്ക് പോവുകയായിരുന്ന ലോറിയിലെ ഡ്രൈവറും ക്ലീനറും കൊപ്പലങ്ങാടിയിലെ കമ്മ്യൂണിറ്റി ഹാളിന് സമീപം വാഹനം നിർത്തി റോഡരികിലേക്ക് മാലിന്യം തള്ളുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ദൃശ്യങ്ങൾ പകർത്തി മുന്നറിയിപ്പ് നൽകിയെങ്കിലും ഇവർ മാലിന്യം പൂർണമായി വലിച്ചെറിഞ്ഞ് കടന്നുകളഞ്ഞു.

ഉടൻ തന്നെ നാട്ടുകാർ കാപു ടൗൺ മുനിസിപ്പാലിറ്റിയെ വിവരമറിയിച്ചു. മുനിസിപ്പൽ അംഗത്തിന്റെ സഹായത്തോടെ കടപ്പാടി പോലീസ് ലോറിയെ പിന്തുടർന്ന് പിടികൂടി. തുടർന്ന്, പോലീസ് ഡ്രൈവറെയും ലോറിയെയും തിരികെ സംഭവസ്ഥലത്ത് എത്തിക്കുകയും, ഇയാളെക്കൊണ്ട് വലിച്ചെറിഞ്ഞ മാലിന്യം മുഴുവൻ നീക്കം ചെയ്യിച്ച് സ്ഥലം വൃത്തിയാക്കിക്കുകയും ചെയ്തു. കൂടാതെ, ഡ്രൈവർക്ക് 2,000 രൂപ പിഴ ചുമത്തുകയും കുറ്റകൃത്യം ആവർത്തിക്കരുതെന്ന് കർശനമായ മുന്നറിയിപ്പ് നൽകുകയും ചെയ്തു.