തൃശൂര്‍: ചൂണ്ടല്‍ പാറന്നൂര്‍ പാടത്ത് അറവുമാലിന്യം തള്ളിയവരെ കൈയ്യോടെ പിടികൂടി പോലീസിലേല്‍പ്പിച്ചു. നാട്ടുകാരുടെ സഹായത്തോടെ പഞ്ചായത്ത് അംഗങ്ങൾ വാഹനം സഹിതം പിടികൂടുകയായിരുന്നു. സിസിടവി കാമറകളുടെ സഹായത്തോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ നീരീക്ഷണത്തിലാണ് മാലിന്യം വലിച്ചെറിയുന്ന വാഹനം തിരിച്ചറിഞ്ഞത്. വാഹനത്തിലെ ജീവനക്കാരായ സിറാജുദ്ദീന്‍, മുഹമ്മദ് എന്നിവരെ അറസ്റ്റ് ചെയ്തു. വാഹനവും കസ്റ്റഡിയില്‍ എടുത്തു.

വാഹനം നിര്‍ത്താതെ പോയതോടെ ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പിടി ജോസ്, നാലാം വാര്‍ഡ് മെംബര്‍ സജിത്ത് കുമാര്‍, എന്‍സിപി യൂത്ത് ജില്ലാ വൈസ് പ്രസിഡന്റ് എന്‍ ആര്‍. സജേഷ് എന്നിവരും നാട്ടുകാരും കൂടിയാണ് വാഹനം തടഞ്ഞുനിര്‍ത്തിയത്. കുന്നംകുളം അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ പോളിയുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ചൂണ്ടല്‍ പഞ്ചായത്ത് പ്രസിഡന്റ് രേഖ സുനില്‍, ഇന്റേണല്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍, പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മേരി ജിഷ എന്നിവര്‍ പ്രഥമ വിവര റിപ്പോര്‍ട്ട് തയാറാക്കി. കേരള പഞ്ചായത്ത് രാജ് ആക്ട് 219 എസ് പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്. മാലിന്യം ജലാശയങ്ങളിലേക്ക് വലിച്ചെറിയുന്ന പ്രവണതയ്‌ക്കെതിരെ 50,000 രൂപ പിഴ ഈടാക്കുന്നതിനും തീരുമാനിച്ചു.

മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് വലിച്ചെറിയുന്നതിനെതിരേ ജനപങ്കാളിത്തത്തോടുകൂടി ജാഗ്രതാ സമിതികള്‍ രൂപീകരിച്ച് തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ സുനില്‍ അറിയിച്ചു.