കൊല്ലം: കൊല്ലം ഏരൂരിൽ നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ ലോറി അപകടത്തിൽ ഒരു കുടുംബത്തിന് വൻ ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ഏരൂർ കുളത്തൂപ്പുഴ റോഡിൽ കാഞ്ഞുവയലിന് സമീപത്താണ് അപകടമുണ്ടായത്. തമിഴ്നാട്ടിലേക്ക് പോകുകയായിരുന്ന ലോറിയാണ് പുളിമൂട്ടിൽ വീട്ടിൽ ഫാത്തിമയുടെ വീടിന് മുകളിലേക്ക് മറിഞ്ഞുവീണത്.

വീടിന്റെ ഭൂരിഭാഗവും തകർന്നു. അപകടസമയത്ത് ഫാത്തിമയും മകനും വീടിനുള്ളിലുണ്ടായിരുന്നു. ശക്തമായ ശബ്ദം കേട്ട് ഇരുവരും ഉടൻതന്നെ വീടിന് പുറത്തേക്ക് ഓടിയതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

നാട്ടുകാരാണ് ഓടിയെത്തി ലോറിയിലുണ്ടായിരുന്ന ഡ്രൈവറെയും സഹായിയെയും പുറത്തെത്തിച്ചത്. ഇരുവർക്കും നിസ്സാര പരിക്കുകളേറ്റിട്ടുണ്ട്. വീടിന് വലിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.