- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിക്ക് സമനില തെറ്റിയിരിക്കുന്നു; ആരുടെ ചോറാണോ തിന്നുന്നത് അവരോട് നന്ദി കാണിക്കാൻ തനിക്കെതിരെ തിരിയുന്നു; തനിക്കെതിരെ പറയുന്നതെല്ലാം പച്ചക്കള്ളം; ഇത്തരം നേതാക്കളുള്ള പാർട്ടിയിൽ ഇനി തുടരാനില്ല; മണിക്കെതിരെ ആഞ്ഞടിച്ചു രാജേന്ദ്രൻ; ഹൈറേഞ്ചിൽ മണി-രാജേന്ദ്രൻ പോര് മുറുകുന്നു
മൂന്നാർ:താൻ പാർട്ടിയെ വഞ്ചിച്ചുവെന്നും തന്നെ കൈകാര്യം ചെയ്യണമെന്നും തോട്ടം തൊഴിലാളികളോട് ആഹ്വാനം ചെയ്ത മുൻ മന്ത്രിയും സിപിഎം നേതാവുമായ എം.എം. മണിക്കെതിരെ തിരിച്ചടിച്ച് മുൻ എംഎൽഎ എസ്. രാജേന്ദ്രൻ.എം.എം. മണിയെപ്പോലുള്ളവർ നേതാക്കളായി തുടരുന്ന പാർട്ടിയിൽ പ്രവർത്തിക്കാൻ ഇനി താനില്ലെന്ന് രാജേന്ദ്രൻ വ്യക്തമാക്കി.മണിക്ക് സമനില തെറ്റിയ അവസ്ഥയാണുള്ളത്, ഇയാൾ തനിക്കെതിരെ പറയുന്നതെല്ലാം പച്ചക്കള്ളമാണെന്നും രാജേന്ദ്രൻ പറഞ്ഞു.
ഞായറാഴ്ച പഴയ മൂന്നാറിൽ നടന്ന ദേവികുളം എസ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ (സിഐ.ടി.യു) വാർഷിക സമ്മേളനത്തിലായിരുന്നു രാജേന്ദ്രനെതിരെ മണിയുടെ വിവാദ പരാമർശങ്ങൾ. പാർട്ടിയുടെ ബാനറിൽ 15 വർഷം എംഎൽ.എയും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന എസ്. രാജേന്ദ്രൻ പാർട്ടിയെ വഞ്ചിച്ചുവെന്നാണ് എം.എം മണി പറഞ്ഞത്. ഉണ്ട ചോറിന് നന്ദി കാണിച്ചില്ല.രണ്ടുപ്രാവശ്യം മത്സരിച്ചവർ മാറി നിൽക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ എ രാജയെ സ്ഥാനാർത്ഥിയാക്കി.എന്നാൽ എ. രാജയെ തോൽപിക്കാൻ അണിയറയിൽ അദ്ദേഹം പ്രവർത്തിച്ചുവെന്നുമായിരുന്നു മണിയുടെ ആരോപണം.
എന്നാൽ, തോട്ടം തൊഴിലാളികളെ തമ്മിലടിപ്പിക്കുകയാണ് മണിയുടെ ലക്ഷ്യമെന്നാണ് രാജേന്ദ്രന്റെ മറുപടി.മൂന്നാറിൽ തന്റെ കൂടി അധ്വാനത്തിന്റെ ഫലമായി ഉയർന്നുവന്ന സംഘടനയുടെ വേദിയിൽ വന്നിട്ടാണ് തന്നെ കൈകാര്യം ചെയ്യണമെന്ന് മണി പ്രസംഗിക്കുന്നത്.പ്രതിസന്ധി ഘട്ടത്തിലെല്ലാം പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചയാളാണ് താൻ.അന്ന് ഈ പറയുന്നവരാരും തന്നെ ഒപ്പമുണ്ടായിരുന്നില്ല.പെട്ടിമുടിയിലെ ആളുകളോട് നീതി കാണിക്കാൻ ശ്രമിക്കാത്തവരാണ് തനിക്കെതിരെ അപവാദങ്ങൾ പ്രചരിപ്പിക്കുന്നത്.
മണിയെക്കൊണ്ട് ചിലർ തനിക്കെതിരെ പറയിപ്പിക്കുകയാണ്.ഉണ്ട ചോറിന് നന്ദി കാണിച്ചിട്ടുണ്ട്.മണി ആരുടെ ചോറാണോ തിന്നുന്നത് അവരോട് നന്ദി കാണിക്കാനാണ് തനിക്കതിരെ തിരിയുന്നത്.തൊഴിലാളികൾക്കിടയിൽനിന്ന് ഒരാളും നേതാവായി ഉയർന്നുവരാൻ ഇവർ സമ്മതിക്കില്ല.മൂന്നാറിൽ തന്നെ കൈകാര്യം ചെയ്യാൻ വന്നാൽ നേരിടാനുള്ള ശേഷി തനിക്കുണ്ട്.
താൻ എംഎൽഎയുടെ ശമ്പളം കൊണ്ടാണ് ജീവിച്ചത്. തൊഴിലാളികളുടെ കൈയിൽനിന്ന് നയാപൈസ വാങ്ങിയിട്ടില്ല. വിവാദ പ്രസംഗങ്ങളിൽനിന്ന് പാർട്ടി സംസ്ഥാന കമ്മിറ്റി മണിയെ വിലക്കണമായിരുന്നു.വരുന്ന തെരഞ്ഞെടുപ്പുകളിലും സിപിഎമ്മിന് വോട്ട് കുറഞ്ഞേക്കും.പാർട്ടിയിലേക്ക് തിരിച്ചുപോയാൽ അതിന്റെ പഴിയും താൻ കേൾക്കേണ്ടിവരും.അതിനാൽ ഇനി സിപിഎമ്മിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അംഗത്വം മാത്രം മതി എന്നാണ് ആവശ്യപ്പെട്ടിരുന്നതെന്നും രാജേന്ദ്രൻ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ