തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി സിപിഎം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേന്ദ്രസർക്കാരിന്റെ കാവിവത്കരണനിലപാട് കൂട്ടുപിടിച്ച് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയാകെ അലങ്കോലപ്പെടുത്തുകയാണെന്നും ഗവർണറുടേത് ഭരണഘടനാവിരുദ്ധ നിലപാടാണെന്നും എം വി ഗോവിന്ദൻ ആരോപിച്ചു. ഗവർണർക്ക് നല്ലത് രാഷ്ട്രീയപ്രവർത്തനമാണെന്നും സ്ഥാനം രാജിവെക്കണമെന്നും എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. സുപ്രീംകോടതി ഇടപെടൽ തനിക്ക് ബാധകമല്ലെന്ന നിലപാടാണ് ഗവർണർക്കെന്നും ബില്ലുകളിൽ ഒപ്പിടാത്തത് തൊരപ്പൻ പണിയാണെന്നും എ.കെ.ജി. സെന്ററിൽ മാധ്യമങ്ങളോട് സംസാരിക്കവേ സിപിഎം. സംസ്ഥാന സെക്രട്ടറി പരിഹസിച്ചു.

ഒരു ബില്ലും അനന്തമായി പിടിച്ചുവെക്കാനുള്ള യാതൊരു അധികാരവും ഗവർണർക്കില്ല എന്നത് കോടതി തന്നെ എടുത്തുപറഞ്ഞിട്ടുള്ളതാണ്. അങ്ങനെ ഏതെങ്കിലും ബില്ല് പിടിച്ചുവച്ചാൽ തന്റെ അഭിപ്രായം രേഖപ്പെടുത്തി നിയമസഭയ്ക്ക് അയക്കാം. അങ്ങനെയുള്ള ബില്ല് നിയമസഭ വീണ്ടും പാസാക്കി നൽകിയാൽ ഗവർണർക്ക് ഒപ്പിടുകയല്ലാതെ വേറെ ഒരു വഴിയുമില്ല. ഈ സാഹചര്യത്തിലാണ് ഗവർണർ ബില്ലുകൾ പിടിച്ചുവെച്ചത് എന്നോർക്കണം. ഇത്തരത്തിൽ സംസ്ഥാന സർക്കാരിന്റെ ദൈനംദിനപ്രവർത്തനത്തെ ബാധിക്കുന്ന, സർക്കാർ പാസാക്കുന്ന ബില്ലുകൾ നിയമമാകാതെയിരിക്കുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് യഥാർഥത്തിൽ ചെയ്തിട്ടുള്ളത്. പഞ്ചാബ് കേസിന്റെ വിധിയിൽ ബില്ലുകൾ തടഞ്ഞുവച്ചാൽ ഗവർണർ നിയമസഭയെ എത്രയും വേഗം തന്റെ അഭിപ്രായം അറിയിക്കണമെന്ന കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്. എന്നാലിതെല്ലാം കാറ്റിൽപറത്തിക്കൊണ്ടാണ് ഏഴു ബില്ലുകളും രാഷ്ട്രപതിക്കയക്കുന്ന ജനാധിപത്യവിരുദ്ധമായ പ്രവർത്തനങ്ങൾ ഗവർണർ നടത്തിയിട്ടുള്ളത്.-എം വി ഗോവിന്ദൻ പറഞ്ഞു.

രണ്ടാം പിണറായി സർക്കാരിന്റെ പ്രകടനപത്രികയിൽ എടുത്തുപറഞ്ഞിട്ടുള്ള കാര്യം വൈജ്ഞാനിക സമൂഹം സൃഷ്ടിക്കുക, വിജ്ഞാനസമ്പദ് വ്യവസ്ഥ എന്ന പുതിയ ആശയം ലോകത്തിന്റെ സാമൂഹികജീവിതത്തിലുണ്ടാകുന്ന വമ്പിച്ച കുതിച്ചുചാട്ടത്തിന് ഉതകുന്ന രീതിയിൽ കേരളത്തെ മുന്നോട്ട് നയിക്കുക എന്നുള്ളതായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഉന്നതവിദ്യാഭ്യാസം വളരെ പ്രധാനപ്പെട്ട ഒരജണ്ടയായി കേരളത്തിലെ സർക്കാർ ആ മേഖലയിൽ ഫലപ്രദമായി ഇടപ്പെട്ട് മുന്നോട്ട് പോകുന്ന പ്രക്രിയയ്ക്കിടയിലാണ് യഥാർഥത്തിൽ കേന്ദ്രസർക്കാരിന്റെ കാവിവത്കരണ നിലപാടുമായി ബന്ധപ്പെട്ട് ഗവർണർ ഉന്നതവിദ്യാഭ്യാസമേഖലയാകെ അലങ്കോലപ്പെടുത്തുന്നതിനും അതിന്റെ ജനാധിപത്യപരമായ സംവിധാനത്തെ അട്ടിമറിക്കാനും ഗവർണർ ശ്രമിച്ചത്. അവരാഗ്രഹിക്കുന്ന രീതിയിലുള്ളതാണ് കഴിഞ്ഞ കാലിക്കറ്റ് സർവകലാശാല സെനറ്റ് പുനഃസംഘടിപ്പിക്കുമ്പോളെടുത്ത നിലപാട്. ബിജെപി.യുടെയും യു.ഡി.എഫിന്റെയും നേതാക്കളെ നിർദ്ദേശിക്കുന്ന ഒരു കോർഡിനേഷൻ കമ്മിറ്റിയുടെ ചെയർമാനെ പോലെ ഗവർണർ പ്രവർത്തിച്ചു എന്നുള്ള കാര്യവും എല്ലാവർക്കും അറിയാം. കേരളത്തിലെ സർവകലാശാലകൾ വളരെ ഫലപ്രദമായി പ്രവർത്തിച്ച് ഡബിൾ എ പ്ലസ്, എപ്ലസ് റാങ്കുകൾ കരസ്ഥമാക്കുന്ന സ്ഥിതിയുണ്ടായപ്പോഴാണ് ഇതിനെയെല്ലാം തകിടം മറിക്കുന്ന രീതിയിൽ ഉന്നതവിദ്യാഭ്യാസ മേഖലയിലെ വൈസ് ചാൻസലർമാരെയെല്ലാം ഒഴിവാക്കി അവരാഗ്രഹിക്കുന്ന രീതിയിൽ വിസിമാരെ നിയമിക്കുന്ന നിലപാടുമായി ഗവർണർ മുന്നോട്ട് പോയത്. -എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തിന്റെ വിദ്യാഭ്യാസനേട്ടങ്ങളെ പൊളിക്കാനും കരിതേച്ച് കാണിക്കുന്നതിനും വേണ്ടിയുള്ള ആർ.എസ്.എസ്. അജണ്ടയാണ് കേരളത്തിൽ നടപ്പാക്കുന്നത്. സംഘപരിവാറിന്റെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്ന കേരളത്തിന്റെ വക്താവ് എന്ന രീതിയിൽ ഗവർണർ കേരളത്തിൽ ഭരണഘടനാബാഹ്യമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഗവർണർ ജനാധിപത്യപരമായ രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ തയ്യാറല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച സന്ദർഭത്തിൽ അദ്ദേഹത്തിന് ഗവർണർ പദവിയിലിരുന്ന് മുന്നോട്ട് പോകാൻ അവകാശമില്ല. വിവിധ രാഷ്ട്രീയ പാർട്ടികളുടെ സംഘടനാപ്രവർത്തനത്തിന്റെ അനുഭവമുള്ള അദ്ദേഹത്തിന് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് നീങ്ങുകയാകും നന്നാവുക. രാജി വെക്കണമെന്നുള്ളത് കേരളത്തിലെ ജനങ്ങളുടെ പൊതുവികാരമായി മാറുന്നു.- എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.