ശബരിമല: മണ്ഡലപൂജയ്ക്ക് മുന്നോടിയായി ശബരിമലയിൽ അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി. വൈകുന്നേരം 6:34നായിരുന്നു തങ്ക അങ്കി ചാർത്തിയത്. ശേഷം ദീപാരാധന നടന്നു. സോപാനത്തെത്തുന്ന തങ്ക അങ്കി തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങിയ ശേഷമാണ് അയ്യപ്പ വി​ഗ്രഹത്തിൽ ചാർത്തിയത്. ദീപാരാധനയ്ക്ക് ശേഷം ഭക്തരെ പതിനെട്ടാംപടി കയറ്റി ദർശനം അനുവദിച്ചു. മുഴുവൻ ഭക്തർക്കും തങ്ക അങ്കി ചാർത്തിയ അയ്യപ്പനെ കണ്ടു തൊഴാനാള്ള അവസരം ദേവസ്വം ബോർഡ് ഉറപ്പാക്കിയിട്ടുണ്ട്.

ഉച്ചയോടെയാണ് അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര പമ്പയിലെത്തിയത്. രാവിലെ 11 മണിക്കുശേഷം തീർഥാടകരെ പമ്പയിൽനിന്നു സന്നിധാനത്തേക്കു കടത്തിവിട്ടിരുന്നില്ല. ഘോഷയാത്ര വൈകിട്ട് അഞ്ചു മണിയോടെ ശരം കുത്തിയിൽ എത്തിച്ചേർന്ന ശേഷം ഭക്തരെ പമ്പയിൽനിന്നു സന്നിധാനത്തേക്കു കടത്തിവിട്ടു. സന്നിധാനത്ത് എത്തിച്ചേർന്ന തങ്ക അങ്കി ഘോഷയാത്രയെ കൊടിമരച്ചുവട്ടിൽവെച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പിഎസ് പ്രശാന്തും അംഗങ്ങളും അടക്കമുള്ളവർ ചേർന്നു സ്വീകരിച്ചു.

അതേസമയം 41 ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല തീർഥാടനത്തിനു വ്യാഴാഴ്ച സമാപനമാകും. മണ്ഡലകാല തീർഥാടനത്തിനു സമാപ്തി കുറിച്ചുകൊണ്ടുള്ള മണ്ഡലപൂജ വ്യാഴാഴ്ച ഉച്ചയ്ക്ക് 12നും 12:30നും ഇടയ്ക്കുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ നടക്കും. രാത്രി 11 മണിക്കു ഹരിവരാസനം പാടി നട അടയ്ക്കും. വ്യാഴാഴ്ച നെയ്യഭിഷേകം ഉൾപ്പെടയുള്ള ചടങ്ങുകൾ ഉണ്ടാകും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 വൈകിട്ട് അഞ്ചു മണിക്ക് വീണ്ടും നട തുറക്കും.

അതേസമയം മണ്ഡല പൂജക്കായുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്നും ഡിസംബർ 22ന് പുറപ്പെട്ടിരുന്നു. ആനക്കൊട്ടിലിൽ തങ്ക അങ്കി ദർശനം നടന്നു. പ്രത്യേകം തയാറാക്കിയ രഥത്തിൽ പൊലീസിന്റെ സുരക്ഷ അകമ്പടിയോടെ ആറന്മുള കിഴക്കേ നടയിൽ നിന്നായിരുന്നു ഘോഷയാത്രക്ക് തുടക്കം. സ്‌പോട്ട് ബുക്കിങ് 5000 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. മകരവിളക്കു മഹോത്സവുമായി ബന്ധപ്പെട്ട് ജനുവരി 13ന് 50,000 ഭക്തരെയും ജനുവരി 14ന് 40,000 ഭക്തരെയും വെർച്വൽക്യൂ വഴി അനുവദിക്കും. അതേസമയം ഈ മാസം 23 വരെ 30,87,049 തീർഥാടകർ അയ്യപ്പ ദർശനം നടത്തി. കഴിഞ്ഞ വർഷത്തേക്കാൾ 4,45,908 ഭക്തർ ഇത്തവണ കൂടുതലായി എത്തി.